Asianet News MalayalamAsianet News Malayalam

VVS Laxman : ദേശീയ ക്രിക്കറ്റ് അക്കാഡമി ഇനി വിവിഎസ് ലക്ഷ്‌മണിന്‍റെ കൈകളില്‍; 13ന് ചുമതലയേൽക്കും

വരാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ടീമിന്‍റെ ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണ് വിവിഎസ് ലക്ഷ്‌മണിന്‍റെ ആദ്യ ചുമതല

VVS Laxman will take charge of National Cricket Academy chief on December 13
Author
Bengaluru, First Published Dec 5, 2021, 12:30 PM IST

ബെംഗളൂരു: ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ (National Cricket Academy, Bengaluru) പുതിയ തലവനായി വിവിഎസ് ലക്ഷ്‌മൺ (VVS Laxman) ഈ മാസം 13ന് ചുമതലയേൽക്കും. രാഹുൽ ദ്രാവിഡ് (Rahul Dravid) ഇന്ത്യൻ കോച്ചായി പോയ ഒഴിവിലേക്കാണ് നിയമനം. ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റോടെ (IND vs NZ 2nd Test) ലക്ഷ്‌മണിന്‍റെ ടെലിവിഷൻ കരാറുകൾ അവസാനിക്കും. ഫാസ്റ്റ് ബൗളിംഗ് കോച്ചായി ട്രോയ് കൂളിയുടെ (Troy Cooley) നിയമനത്തിന് ബിസിസിഐ വാർഷിക പൊതുയോഗം അനുമതി നൽകി.

അടുത്ത വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലായി കരീബിയന്‍ മണ്ണില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിനായി ഇന്ത്യന്‍ ടീമിന്‍റെ ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണ് വിവിഎസ് ലക്ഷ്‌മണിന്‍റെ ആദ്യ ചുമതല. ലോകകപ്പില്‍ നിശ്ചിത കാലയളവില്‍ വിവിഎസ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനൊപ്പമുണ്ടാകും എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. 

ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളെ വിജയകരമായി പരിശീലിപ്പിച്ച ശേഷം 2019ലാണ് ദ്രാവിഡിനെ ബിസിസിഐ ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ) തലവനാക്കിയത്. രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം. പിന്നീട് കരാര്‍ രണ്ട് വര്‍ഷം കൂടി ബിസിസിഐ പുതുക്കുകയും ചെയ്തു. ഇതിനിടെയാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിന് നറുക്കുവീഴുന്നത്. ആദ്യം നിരസിച്ചെങ്കിലും ബിസിസിഐ തലവന്‍ സൗരവ് ഗാംഗുലിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ചുമതല വന്‍മതില്‍ ഏറ്റെടുക്കുകയായിരുന്നു. 

ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്ത് രവി ശാസ്‌ത്രിക്ക് പകരക്കാരനായാണ് ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് സ്ഥാനമേറ്റത്. ദ്രാവിഡ് ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പര 3-0ന് തൂത്തുവാരി ഇന്ത്യന്‍ ക്രിക്കറ്റിലെ പുതു യുഗത്തിന് തുടക്കമിട്ടുകഴിഞ്ഞു. ടെസ്റ്റ് പരമ്പരയും നേടാമെന്ന പ്രതീക്ഷയിലാണ് ദ്രാവിഡിന് കീഴില്‍ ഇന്ത്യ. അതേസമയം വിവിഎസ് ലക്ഷ്‌മൺ ഭാവിയിൽ ഇന്ത്യന്‍ പരിശീലകന്‍ ആകുമെന്ന് ബിസിസിഐ പ്രസിഡന്‍റ്  സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം സൂചന നല്‍കി. 

IND vs NZ : അജാസ് ഭീഷണി ഏശുന്നില്ല; മുംബൈ ടെസ്റ്റില്‍ ഇന്ത്യന്‍ ലീഡ് 400 കടന്നു

Follow Us:
Download App:
  • android
  • ios