2019ല്‍ വെസ്റ്റ് ഇന്‍ഡീസെനെതിരെ നേടിയ 111 റണ്‍സാണ് വിഹാരിയുടെ ഉയര്‍ന്ന സ്കോര്‍. ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ ടീമുകളിലൊന്നിലും ഇടം നേടാതിരുന്ന വിഹാരിക്ക് കൗണ്ടി സീസണില്‍ മികവ് തെളിയിക്കാനുള്ള അവസരമാണ്.
ലണ്ടന്‍: കൗണ്ടി ക്രിക്കറ്റില്‍ വാര്‍വിക്‌ഷെയറിനുവേണ്ടി കളിക്കാന്‍ ഇന്ത്യന്‍ താരം ഹനുമാ വിഹാരി. കൗണ്ടി സീസണിലെ ആദ്യ മത്സരങ്ങളില്‍ വിഹാരി വാര്‍വിക്‌ഷെയറിനുവേണ്ടി കളിക്കുമെന്ന് ക്ലബ്ബ് അറിയിച്ചു. 2018ല്‍ ഇന്ത്യക്കായി അരങ്ങേറിയ വിഹാരി 12 ടെസ്റ്റുകളില്‍ കളിച്ചു. അടുത്തിടെ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ പരമ്പര വിജയത്തിലും നിര്‍ണായക പങ്കുവഹിച്ചു.
2019ല്‍ വെസ്റ്റ് ഇന്‍ഡീസെനെതിരെ നേടിയ 111 റണ്‍സാണ് വിഹാരിയുടെ ഉയര്‍ന്ന സ്കോര്‍. ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ ടീമുകളിലൊന്നിലും ഇടം നേടാതിരുന്ന വിഹാരിക്ക് കൗണ്ടി സീസണില്‍ മികവ് തെളിയിക്കാനുള്ള അവസരമാണ്. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുന്ന ഇന്ത്യക്ക് വിഹാരിയുടെ കൗണ്ടി പരിചയം മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ന് വൈകിട്ട് ലണ്ടനിലെത്തി വിഹാരി ആറു ദിവസം ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയശേഷം ടീമിനൊപ്പം ചേരും. അടുത്ത ആഴ്ച നടക്കുന്ന നോട്ടിംഗ്ഹാംഷെയറിനെതിരായ മത്സരത്തില്‍ വാര്‍വിക്‌ഷെയറിനുവേണ്ടി വിഹാരി ബാറ്റേന്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പീറ്റര്‍ മലന്‍റെ പകരക്കാരനായാണ് വിഹാരിയെ വാര്‍വിക്‌ഷെയര്‍ ടീമിലെടുത്തിരിക്കുന്നത്.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമിലായിരുന്ന വിഹാരി പക്ഷെ മൂന്നാം ടെസ്റ്റില്‍ പരിക്ക് വകവെക്കാതെ അശ്വിനൊപ്പം ചേര്‍ന്ന് ഓസീസ് ആക്രമണങ്ങളെ പ്രതിരോധിച്ച് ഇന്ത്യക്ക് വീരോചിത സമനില സമ്മാനിച്ചിരുന്നു. നേരത്തെ ഇന്ത്യന്‍ താരം ശ്രേയസ് അയ്യരുമായി കൗണ്ടി ടീമായ ലങ്കാഷെയര്‍ കരാറിലെത്തിയിരുന്നെങ്കിലും തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശ്രേയസ് അയ്യര്‍ക്ക് കളിക്കാനാകില്ലെന്നാണ് സൂചന.
