ദില്ലി: ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് സമ്മാനിച്ച നായകനാണ് കപില്‍ ദേവ്. ഇന്ത്യയില്‍ ക്രിക്കറ്റ് വിപ്ലവത്തിന് തിരികൊളുത്തിയത് കപിലിന്റെയും ചെകുത്താന്‍മാരുടെയും വിശ്വവിജയമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും എതിരാളികള്‍ പോലും ബഹുമാനിക്കുന്ന കപിലിന് ഇന്ത്യന്‍ ടീമിലെത്തിയ കാലത്ത് ഒരു നായകനെ പേടിയായിരുന്നു. മറ്റാരുമല്ല എസ് വെങ്കട്ടരാഘവനെ. ഇന്ത്യന്‍ സ്പിന്നറും പിന്നീട് നായകും വിരമിച്ചശേഷം അമ്പയറുമെല്ലാം ആയ വെങ്കട്ടരാഘവന്‍ നായകനായിരുന്ന കാലത്ത് അദ്ദേഹത്തെ പേടിച്ച് പലപ്പോഴും താന്‍ ഒളിച്ചിരുന്നിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍താരം ഡബ്ലിയു വി രാമനുമായുള്ള അഭിമുഖത്തില്‍ കപില്‍.

ബിഷന്‍ സിംഗ് ബേദി ക്യാപ്റ്റനായിരുന്ന കാലത്താണ് കപില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സുനില്‍ ഗവാസ്കര്‍ക്ക് കീഴിലും കപില്‍ കളിച്ചു. എന്നാല്‍ ഇവരെക്കാളെല്ലാം തന്നെ മുള്‍മുനയില്‍ നിര്‍ത്തിയ ക്യാപ്റ്റനായിരുന്നു വെങ്കിട്ടരാഘവനെന്ന് കപില്‍ പറഞ്ഞു. വെങ്കട്ടരാഘവന് കീഴില്‍ നാലു ടെസ്റ്റിലും മൂന്ന് ഏകദിനത്തിലുമാണ് കപില്‍ കളിച്ചത്. പൊതുവെ മുന്‍കോപക്കാരനായിരുന്നു വെങ്കട്ടരാഘവന്‍. ഇംഗ്ലണ്ട് പര്യടനത്തിനിടെ ടീ ബ്രേക്ക് എന്ന് പറയുമ്പോള്‍ അതെന്താ ടീ ബ്രേക്ക്, കോഫി ബ്രേക്ക് എന്ന് പറഞ്ഞാല്‍ എന്താ കുഴപ്പം എന്ന് തിരിച്ച് ചോദിക്കുന്ന ആളായിരുന്നു അദ്ദേഹം. അപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പ്രകൃതം മനസിലാവുമല്ലോ.


അദ്ദേഹത്തെ എനിക്ക് പേടിയായിരുന്നു. ഒന്നാമത്തെ കാരണം അദ്ദേഹം ഇംഗ്ലീഷില്‍ മാത്രമെ സംസാരിക്കൂ. രണ്ടാമത്തെ കാര്യം അദ്ദേഹത്തിന്റെ മുന്‍കോപത്തെക്കുറിച്ച് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്തിന് അമ്പയറായിരുന്ന കാലത്തുപോലും നോട്ട് ഔട്ട് വിധിക്കുമ്പോള്‍ ബൗളറെ ചീത്തവിളിക്കുന്നപോലെയാണ് അദ്ദേഹം ആംഗ്യം കാട്ടുക. 1979ല്‍ ഇംഗ്ലണ്ട് പര്യടനത്തിന് പോയപ്പോള്‍  അദ്ദേഹമായിരുന്നു നായകന്‍. അതുകൊണ്ടുതന്നെ ഞാനെപ്പോഴം അദ്ദേഹത്തിന്റെ കണ്ണില്‍പെടാതെ നടക്കാന്‍ ശ്രമിക്കും.

ബേദി, പ്രസന്ന, ചന്ദ്രശേഖര്‍ എന്നിവരൊക്കെയായിരുന്നു ആ ടീമില്‍. അതുകൊണ്ടുതന്നെ അവരെയൊന്നും അദ്ദേഹം ചീത്ത പറയില്ല. എന്നെ കൈയില്‍ കിട്ടിയാല്‍ നിര്‍ത്തിപ്പൊരിക്കും. ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോഴൊക്കെ ഞാന്‍ അദ്ദേഹം കാണാതെ ഒരു മൂലയില്‍ പോയിരിക്കും. കാരണം ഞാന്‍ നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്. അദ്ദേഹം അത് കണ്ടാല്‍, എപ്പോഴും തീറ്റതന്നെ എന്ന് എന്നെ നോക്കി പറയുമെന്നുറപ്പാണ്.

1983 വിന്‍ഡീസ് പര്യടനത്തില്‍ ഞാനായിരുന്നു ക്യാപ്റ്റന്‍. എന്നാല്‍ ബൗളിംഗ് മാറ്റങ്ങളെക്കുറിച്ച് വെങ്കട്ടരാഘവന്‍ എന്നോട് നിരന്തരം ആധികാരികമായി തര്‍ക്കിക്കും. അദ്ദേഹം പറയുന്നത് കേള്‍ക്കുമ്പോള്‍ ഞാനും ആശയക്കുഴപ്പത്തിലാകും. ബാര്‍ബഡോസില്‍ നടന്ന ടെസ്റ്റില്‍ പിച്ച് പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായിരുന്നു. പേസ് ബൗളര്‍മാര്‍ക്ക് ശേഷം ആദ്യമായി സ്പിന്നറെ പന്തേല്‍പ്പിക്കുന്നത് രവി ശാസ്ത്രിയെ ആയിരുന്നു. അതുവരെ സാര്‍ എന്നായിരുന്നു ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. അപ്പോഴേക്കും വെങ്കി എന്ന് വിളിക്കാറായിരുന്നു.

ആ സമയം, അദ്ദേഹം സ്ലിപ്പില്‍ നിന്ന് കപില്‍ എന്ന് എന്നെ ഉറക്കെ വിളിച്ചു,  എന്താ വെങ്കി എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. എന്താ എനിക്ക് ബൗളിംഗ് വേണ്ടെന്ന് ഞാന്‍ താങ്കളോട് പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അപ്പോള്‍ ഞാനാണോ അദ്ദേഹമാണോ നായകെന്ന് എനിക്ക് സംശയം  തോന്നി. ഞാന്‍ പറഞ്ഞു, താങ്കളുടെ സമയം വരുമെന്ന്.  ക്യാപ്റ്റനായിട്ടും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് ചീത്ത കേട്ടിട്ടുണ്ട് താനെന്നും കപില്‍ പറഞ്ഞു. ചീത്തപറയുമെങ്കിലും സ്നേഹസമ്പന്നനായ വ്യക്തിയായിരുന്നു വെങ്കിട്ടരാഘവനെന്നും കപില്‍ വ്യക്തമാക്കി.