Asianet News MalayalamAsianet News Malayalam

അപഹാസ്യരാക്കരുത്! ഇന്ത്യക്ക് മാത്രം പ്രത്യേക പന്തെന്ന മുന്‍ പാക് താരത്തിന്റെ ആരോപണത്തില്‍ തുറന്നടിച്ച് അക്രം

റാസയുടെ ആരോപണത്തെ രൂക്ഷമായി വിമര്‍ശിക്കുകയാണ് പാകിസ്ഥാന്‍ ഇതിഹാസം വസിം അക്രം. ഹസന്‍ റാസ സ്വയം അപഹാസ്യനാകുന്നതിന് പുറമെ ഞങ്ങളെയും ലോകത്തിന് മുന്നില്‍ അപഹാസ്യരാക്കുകയാണെന്ന് അക്രം തുറന്നടിച്ചു

wasim akram slams former pakistan pacer hasan raza for contraversial statement
Author
First Published Nov 5, 2023, 8:57 PM IST

കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം മുന്‍ പാകിസ്ഥാന്‍ ഹസന്‍ റാസയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. ലോകകപ്പില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അധിക ആനുകൂല്യം കിട്ടുന്ന രീതിയിലുള്ള പ്രത്യേക പന്തുകള്‍ ഐസിസിയും ബിസിസിഐയും നല്‍കിയിട്ടുണ്ടെന്നും ഇതുകൊണ്ടാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വേട്ട നടത്തുന്നതെന്നും ഹസന്‍ റാസ പാക് ടെലിവിഷന്‍ ചാനലായ എബിഎന്‍ ന്യൂസിലെ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു. സീം-സ്വിംഗ് മൂവ്‌മെന്റ് കിട്ടാനായാണ് ഇന്ത്യക്ക് മാത്രം ബിസിസിഐയും ഐസിസിയും പ്രത്യേക പന്തുകള്‍ നല്‍കുന്നതെന്നും ഹസന്‍ റാസ പറഞ്ഞു.

റാസയുടെ ആരോപണത്തെ രൂക്ഷമായി വിമര്‍ശിക്കുകയാണ് പാകിസ്ഥാന്‍ ഇതിഹാസം വസിം അക്രം. ഹസന്‍ റാസ സ്വയം അപഹാസ്യനാകുന്നതിന് പുറമെ ഞങ്ങളെയും ലോകത്തിന് മുന്നില്‍ അപഹാസ്യരാക്കുകയാണെന്ന് അക്രം തുറന്നടിച്ചു. അമ്പയര്‍മാര്‍ പന്ത് തെരഞ്ഞെടുക്കുന്ന രീതിയും അക്രം വിശദീകരിച്ചു. ഇന്ത്യന്‍ ബൗളര്‍മാര്‍ ലോകത്തിലെ ഏറ്റവും മികച്ച സംഘമായതിനാലാണ് ടീം മികച്ച പ്രകടനം നടത്തുന്നതെന്നും അക്രം പറഞ്ഞു. പാകിസ്ഥാന്‍ മുന്‍താരങ്ങളായ ഷൊയ്ബ് മാലിക്കും മിസ്ബ ഉള്‍ ഹഖും അക്രത്തിനെ അനുകൂലിച്ചു.

1996 മുതല്‍ 2005വരെയുള്ള കാലയളവില്‍ പാകിസ്ഥാന്‍ കുപ്പായത്തില്‍ ഏഴ് ടെസ്റ്റും 16 ഏകദിനങ്ങളും കളിച്ച താരമാണ് റാസ. ലോകകപ്പില്‍ മത്സരഫലങ്ങള്‍ ഇന്ത്യക്ക് അനുകൂലമാക്കാന്‍ എന്തെങ്കിലും കള്ളക്കളി നടത്തുന്നുണ്ടോ എന്ന ടെലിവിഷന്‍ അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് ഹസന്‍ റാസ വിചിത്രമായ ആരോപണം ഉന്നയിച്ചത്. ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ മാത്രം എങ്ങനെയാണ് ഇത്രയും സ്വിംഗും സീമും ലഭിക്കുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന പന്ത് പരിശോധിക്കണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ഹസന്‍ റാസ പറഞ്ഞു.

ഇന്ത്യ ബൗള്‍ ചെയ്യാനിറങ്ങുമ്പോള്‍ നല്‍കുന്ന പന്ത് ആരാണ് നല്‍കുന്നത്,  ഐസിസി ആണോ ബിസിസിഐ ആണോ എന്ന് അന്വേഷിക്കണമെന്നും റാസ പറഞ്ഞിരുന്നു. 

ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തി ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ; സെമിയില്‍ എതിരാളികള്‍ നാലാം സ്ഥാനക്കാർ
 

Follow Us:
Download App:
  • android
  • ios