ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ ഏറ്റവും വലിയ പ്രത്യേകത പറയുകയാണ് മുന്‍താരം വസീം ജാഫര്‍

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീം (Indian Test Team) നായക സ്ഥാനത്തുനിന്ന് വിരാട് കോലി (Virat Kohli) പടിയിറങ്ങിയതിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ടീം ഇന്ത്യക്ക് (Team India) ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ സമ്മാനിച്ച നായകനാണ് 33-ാം വയസില്‍ അപ്രതീക്ഷിതമായി ക്യാപ്റ്റന്‍റെ കുപ്പായമഴിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ ഏറ്റവും വലിയ പ്രത്യേകത പറയുകയാണ് മുന്‍താരം വസീം ജാഫര്‍ (Wasim Jaffer). 

'ക്യാപ്റ്റന്‍ എന്ന നിലയില്‍ അതിഗംഭീര പ്രകടനമാണ് കോലി പുറത്തെടുത്തത്. മുന്നില്‍ നിന്ന് നയിച്ച കോലി വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇഷ്‌ടപ്പെടുന്ന ആളായിരുന്നു. അദേഹം ഏറെ വെല്ലുവിളികള്‍ ഏറ്റെടുത്തു എന്ന കാര്യത്തില്‍ സംശയമില്ല. വാക്കുകള്‍ക്കതീതമാണ് മൂന്ന് ഫോര്‍മാറ്റിലും കോലി ടീമിനെ നയിച്ച രീതി. ഐസിസി കിരീടം നേടാനായില്ല എന്ന് നാം പറയുമെങ്കിലും നായകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് കോലിക്കുള്ളത്. നാട്ടില്‍ മാത്രമല്ല വിദേശ മണ്ണിലും വിസ്‌മയ റെക്കോര്‍ഡ് കോലിക്കുണ്ട്. 

വൈറ്റ് ബോള്‍ നായകന്‍ എന്ന നിലയില്‍ ന്യൂസിലന്‍ഡിലും ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും കോലി ടി20 പരമ്പരകള്‍ നേടി. ഒരു ഏഷ്യന്‍ ടീമിനെയും കൊണ്ട് ഓസ്‌ട്രേലിയയില്‍ പോയി ഓസീസിനെ കീഴടക്കിയതാണ് കോലിയുടെ ക്യാപ്റ്റന്‍സി കരിയറിലെ ഏറ്റവും ശ്രദ്ധേയ നേട്ടം. ഇന്ത്യന്‍ ടീമിലേക്ക് കോലി കൊണ്ടുവന്ന ക്രിക്കറ്റ് സംസ്‌കാരം, പേസ് ബൗളിംഗില്‍ വന്‍ശക്തികളാക്കിയത് വിസ്‌മയകരാണ്. പേസിനെയും സ്പിന്നിനെയും തുണയ്‌ക്കുന്ന വിവിധ പിച്ചുകളില്‍ അപകടകാരികളാണ് നിലവിലെ ഇന്ത്യന്‍ ബൗളിംഗ് നിര' എന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു. 

ടീം ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ് വിരാട് കോലി. 58.82 ആണ് ടെസ്റ്റില്‍ കോലിയുടെ വിജയശതമാനം. മൊത്തത്തില്‍ 68 ടെസ്റ്റുകളില്‍ കോലി ഇന്ത്യയെ നയിച്ചപ്പോള്‍ 40 മത്സരങ്ങള്‍ ജയിച്ചു. ധോണി നയിച്ച 60 ടെസ്റ്റുകളില്‍ 27 എണ്ണം മാത്രമാണ് ജയിച്ചത്. ഗാംഗുലി 49 ടെസ്റ്റുകളില്‍ നയിച്ചപ്പോള്‍ 21 മത്സരം ജയിച്ചു. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര നേടി ചരിത്രമെഴുതിയ കോലി ദക്ഷിണാഫ്രിക്കയില്‍ ടീം പരമ്പര ജയത്തിനരികെ കാലിടറി വീണതിന് പിന്നാലെ രാജിവയ്ക്കുകയായിരുന്നു. 

ഇതോടെ മൂന്ന് ഫോർമാറ്റിലും നായകപദവിയില്‍ നിന്ന് കിംഗ് കോലിയുടെ പടിയിറക്കം പൂർത്തിയായി. ലോകകപ്പിന് ശേഷം ടി20 നായകപദവിയൊഴിഞ്ഞ കോലിയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

IPL 2022 Mega Auction : തീരുമാനം മാറ്റി ജോ റൂട്ട്; ഐപിഎല്ലിലേക്കില്ല, കാരണമിത്