ഇന്ത്യയുടെ പ്രധാന ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിന് തിരിച്ച സ്ഥിരം പരിശീലകന്‍ രവി ശാസ്ത്രിയുടെ അഭാവത്തിലാണ് ദ്രാവിഡ് സ്ഥാനമേറ്റെടുത്തത്.

മുംബൈ: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകസ്ഥാനം ഏറ്റെടുത്തപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ മിക്കവരും സന്തോഷത്തിലായിരുന്നു. അദ്ദേഹത്തിനെ വീണ്ടും ഇന്ത്യന്‍ ടീമിനൊപ്പം കാണാമെന്നുള്ളാണ് ആരാധകരെ സന്തോഷത്തിലാഴ്ത്തിയത്. ഇന്ത്യയുടെ പ്രധാന ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിന് തിരിച്ച സ്ഥിരം പരിശീലകന്‍ രവി ശാസ്ത്രിയുടെ അഭാവത്തിലാണ് ദ്രാവിഡ് സ്ഥാനമേറ്റെടുത്തത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് ദ്രാവിഡ്. ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം അദ്ദേഹം അക്കാദമിയില്‍ തിരിച്ചെത്തും.

ദ്രാവിഡ് പരിശീലകനാകുുന്നത് മിക്കവര്‍ക്കും സ്വീകാര്യമെങ്കിലും മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറിന് മറ്റൊരു അഭിപ്രായമാണ്. അദ്ദേഹം വിശദമാക്കുന്നതിങ്ങനെ... ''ദ്രാവിഡ് അദ്ദേഹിനെ ഏല്‍പ്പിച്ച ദൗത്യം ഏറ്റെടുക്കാന്‍ പോവുകയാണ്. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് അദ്ദേഹത്തിന് കീഴില്‍ ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. എന്നാല്‍ ഇതുവഴി അദ്ദേഹം സ്ഥിരമായി ടീമിന്റെ പരിശീലകനാവരുത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. 

ദ്രാവിഡ് ഇന്ത്യയുടെ അണ്ടര്‍ 19, ഇന്ത്യ എ എന്നീ ടീമുകള്‍ക്കൊപ്പം ജോലി ചെയ്യണം. എന്‍സിഎയില്‍ യുവതാരങ്ങളെ വളര്‍ത്തികൊണ്ടുവരികയാണ് അദ്ദേഹം ചെയ്യേണ്ടത്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നവര്‍ക്ക് കൂടുതലൊന്നും പഠിക്കാനില്ല. പഠിക്കാനുള്ളത് യുവ താരങ്ങള്‍ക്കാണ്.

ദ്രാവിഡിന്റെ മാര്‍ഗനിര്‍ദേശവും ഉപദേശവും യുവതാരങ്ങള്‍ക്ക് ആവശ്യമുണ്ട്. അടുത്ത തലത്തിലേക്ക് ഉയരണമെങ്കില്‍ അദ്ദേഹത്തെ പോലെ ഒരു പരിശീലകന്റെ പരിചയസമ്പത്ത് ആവശ്യമാണ്. എന്റെ അഭിപ്രായത്തില്‍ അദ്ദേഹം എന്‍സിഎയില്‍ ദീര്‍ഘകാലം തുടരണമെന്നാണ്. ടീമിന്റെ ബെഞ്ച് സ്‌ട്രെങ്ത് കരുത്തുറ്റതാക്കാന്‍ ദ്രാവിഡിന് സാധിക്കും.'' ജാഫര്‍ പറഞ്ഞു.

ഈ മാസം 13ന് നടക്കുന്ന ഏകദിന മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. 21ന് ആദ്യ ടി20 പരമ്പരയിലെ ആദ്യ മത്സരവും നടക്കും. ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്.