വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ മഹാരാഷ്ട്രക്കായി ഒരു ഡബിള്‍ സെഞ്ചുറി ഉള്‍പ്പെടെ അഞ്ച് സെഞ്ചുറി നേടിയ റുതുരാജ് മികച്ച ഫോമിലാണ്.
രാജ്കോട്ട്: ശ്രീലങ്കക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യന്‍ ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യക്ക് പരിഹരിക്കേണ്ട നിരവധി പ്രശ്നങ്ങളുണ്ട്. ഓപ്പണിംഗില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ഇഷാന്‍ കിഷന്‍-ശുഭ്മാന്‍ ഗില്‍ സഖ്യത്തിന് ക്ലിക്ക് ആവാനായില്ല. കിഷന്‍ ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഗില്‍ രണ്ട് മത്സരങ്ങളിലും പരാജയമായി.
ഏകദിനങ്ങളിലെ മികച്ച പ്രകടനത്തിന്‍റെ കരുത്തില്‍ ടി20 ടീമിലെത്തിയ ഗില്ലിന് ആദ്യ മത്സരത്തില്‍ ഏഴും രണ്ടാം മത്സരത്തില്‍ അഞ്ചും റണ്‍സ് മാത്രനെ നേടാനായിരുന്നുള്ളു. ഈ സാഹചര്യത്തില്‍ ഇന്ന് രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടി20യിലെങ്കിലും ഓപ്പണറായി റുതുരാജ് ഗെയ്ക്‌വാദിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസീം ജാഫര്‍.
വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ മഹാരാഷ്ട്രക്കായി ഒരു ഡബിള്‍ സെഞ്ചുറി ഉള്‍പ്പെടെ അഞ്ച് സെഞ്ചുറി നേടിയ റുതുരാജ് മികച്ച ഫോമിലാണ്. ഈ സാഹചര്യത്തില്‍ മൂന്നാം ടി20യില്‍ റുതുരാജിന് അവസരം നല്‍കണമെന്ന് ജാഫര്‍ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചുകൂട്ടിയ റുതുരാജ് മൂന്നാം മത്സരത്തില്‍ സ്ഥാനം അര്‍ഹിക്കുന്നു. പ്രത്യേകിച്ച് ഗില്‍ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയമായ സ്ഥിതിക്ക്. കുറച്ചുകാലമായി അദ്ദേഹം സൈഡ് ബെഞ്ചിലിരുന്ന് വാം അപ്പ് ചെയ്യുകയാണെന്നും ജാഫര്‍ പറഞ്ഞു.
പരമ്പര പിടിക്കാന്‍ ഇന്ത്യ, ചരിത്ര നേട്ടം സ്വന്തമാക്കാന്‍ ലങ്ക; രാജ്കോട്ടില്‍ ഇന്ന് തീ പാറും പോരാട്ടം
ഈ ഒരു മാറ്റമല്ലാതെ മറ്റ് മാറ്റങ്ങളൊന്നും മൂന്നാം ടി20ക്കുള്ള ടീമില്‍ വരുത്തേണ്ടതില്ലെന്നും ജാഫര്‍ പറഞ്ഞു. അര്‍ഷ്ദിപ് സിംഗ് രണ്ടാം ടി20യില്‍ നോ ബോളുകളിലൂടെ ഏറെ റണ്‍സ് വഴങ്ങിയെങ്കിലും മൂന്നാം ടി20യില്‍ ബൗളിംഗ് നിരയില്‍ മാറ്റമൊന്നും വേണ്ടെന്നും ജാഫര്‍ പറഞ്ഞു. മൂന്നാം മത്സരത്തില്‍ അര്‍ഷ്ദീപിനെ മാറ്റിയാല്‍ അത് അയാളുടെ ശേഷിക്കുന്ന ആത്മവിശ്വാസം കൂടി തകര്‍ക്കുമെന്നും ജാഫര്‍ പറഞ്ഞു. മുമ്പ് ഇന്ത്യക്കായി ഒമ്പത് ടി20 മത്സരങ്ങളില്‍ കളിച്ച ഗെയ്ക്‌വാദിന് തിളങ്ങാനായിരുന്നില്ല. തുടര്‍ന്നാണ് ഗെയ്ക്‌വാദിന് പകരം ഗില്ലിനെ ടി20 ടീമിലുള്‍പ്പെടുത്തിയത്.
