Asianet News MalayalamAsianet News Malayalam

ആ സ്ഥാനത്തിരുന്ന് അധികം സുഖിക്കണ്ട, കോലി വരും; ബാബര്‍ അസമിന് വസിം ജാഫറിന്റെ മുന്നറിയിപ്പ്

വിരാട് കോലിയെ മറികടന്നാണ് അസം ഒന്നാമതെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചൂറിയനില്‍ 82 പന്തില്‍ 94 റണ്‍സെടുത്തതോടെ 13 റേറ്റിംഗ് പോയിന്റാണ് അസമിന് ഉയര്‍ന്നത്.
 

Wasim Jaffer warns Babar Azam for his ICC odi ranking
Author
Mumbai, First Published Apr 15, 2021, 4:04 PM IST

മുംബൈ: കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാം പാകിസ്ഥാന്‍ താരമാണ് അസം. സഹീര്‍ അബ്ബാസ്(1983- 84), ജാവേദ് മിയാന്‍ദാദ്(1988- 89), മുഹമ്മദ് യൂസഫ്(2003)എന്നിവരാണ് മുമ്പ് ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഒന്നാമത്തെത്തിയ പാക് താരങ്ങള്‍. വിരാട് കോലിയെ മറികടന്നാണ് അസം ഒന്നാമതെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചൂറിയനില്‍ 82 പന്തില്‍ 94 റണ്‍സെടുത്തതോടെ 13 റേറ്റിംഗ് പോയിന്‍റാണ് അസമിന് ഉയര്‍ന്നത്. ഇരുവരും തമ്മില്‍ എട്ട് പോയിന്‍റ് വ്യത്യാസമുണ്ട്. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഒന്നാമതായിരുന്നു കോലി.

ഒന്നാം സ്ഥാനം സ്വന്തമാക്കിയെങ്കിലും താരത്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കിംഗ്സ് പഞ്ചാബിന്റെ കോച്ചിംഗ് സ്റ്റാഫുമായ വസിം ജാഫര്‍. ഒന്നാം സ്ഥാനത്തിരുന്ന് അധികം സുഖിക്കേണ്ടെന്നാണ് ജാഫര്‍ പറയുന്നത്. ട്വിറ്ററിലാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്. ട്വീറ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ.... ''ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നിങ്ങള്‍ അര്‍ഹിക്കുന്നു. അഭിനന്ദനങ്ങള്‍. എന്നാല്‍ കൂടുതല്‍ സമയം അവിടെ സുഖിച്ചിരിക്കേണ്ട. പിന്തുടരുന്നതില്‍ വിരാട് കോലി എത്രത്തോളം മിടുക്കനാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.'' ജാഫര്‍ കുറിച്ചിട്ടു. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തില്‍ പുറത്തെടുത്ത പ്രകടനമാണ് അസമിനെ ഒന്നാമതെത്തിച്ചത്. 865 പോയിന്റാണ് അസമിനുള്ളത്. താരത്തിന്റെ കരിയറിലെ ഉയര്‍ന്ന റേറ്റിംഗ് പോയിന്‍റാണിത്. കോലിക്ക് 857 പോയിന്‍റുണ്ട്. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ 825 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്. ന്യൂസിലന്‍ഡിന്‍റെ റോസ് ടെയ്ലറും(801), ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചുമാണ്(791) നാല്, അഞ്ച് സ്ഥാനങ്ങളില്‍. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല.

Follow Us:
Download App:
  • android
  • ios