ഇതിഹാസ താരങ്ങള്‍ അണിനിരന്നതിനിടയിലും ഇന്ത്യക്കായി 31 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ വസീം ജാഫറിനായി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റില്‍ വമ്പന്‍ താരമായില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസമാണ് വസീം ജാഫര്‍(Wasim Jaffer). ഇന്ത്യന്‍ ബാറ്റിംഗ് വീരേന്ദര്‍ സെവാഗും സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്‌മണും അടക്കിവാണ കാലത്തായിരുന്നു ജാഫറിന്‍റെ വരവും. എന്നാല്‍ ഈ ഇതിഹാസങ്ങളേക്കാള്‍ മുകളില്‍ ജാഫറിന്‍റെ ബാറ്റിംഗിനെ കാണുന്നയാളാണ് ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ(Hardik Pandya). 

വസീം ജാഫറിന്‍റെ കടുത്ത ആരാധകനാണ് ഹാര്‍ദിക് പാണ്ഡ്യ. 'എല്ലാവരെയും പോലെ എനിക്കും ഫേവറേറ്റ് താരങ്ങളുണ്ട്. ജാക്ക് കാലിസിനെയും വിരാട് കോലിയെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറേയുമെല്ലാം ഞാന്‍ ഇഷ്‌ടപ്പെടുന്നു. നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിയാത്ത എത്രയോ മഹാന്മാരുണ്ട്. എന്നാലും എന്‍റെ ഫേവറേറ്റ് ക്രിക്കറ്റര്‍ സത്യത്തില്‍ വസീം ജാഫറാണ്. അദേഹത്തിന്‍റെ ബാറ്റിംഗ് കാണാന്‍ ഞാനിഷ്‌ടപ്പെട്ടിരുന്നു. എല്ലാ ഇതിഹാസങ്ങളേക്കാള്‍ മുകളില്‍ അദേഹത്തെ ഞാന്‍ എപ്പോഴും കാണുന്നു. ജാഫറിനെ അനുകരിക്കാന്‍ ശ്രമിച്ചെങ്കിലും ഒരിക്കല്‍പ്പോലും അദേഹത്തിന്‍റെ ക്ലാസ് എനിക്ക് കണ്ടെത്താനായില്ല' എന്നും ഹാര്‍ദിക് പാണ്ഡ്യ എസ്‌ജി പോഡ്‌കാസ്റ്റില്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു.

ഇതിഹാസ താരങ്ങള്‍ അണിനിരന്നതിനിടയിലും ഇന്ത്യക്കായി 31 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ വസീം ജാഫറിനായി. രണ്ട് ഇരട്ട സെഞ്ചുറികളും അഞ്ച് സെഞ്ചുറികളും 11 അര്‍ധ സെഞ്ചുറികളുമായി ജാഫര്‍ 1944 റണ്‍സ് നേടി. 2006ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 212 ആണ് ഉയര്‍ന്ന സ്‌കോര്‍. തൊട്ടടുത്ത വര്‍ഷം പാകിസ്ഥാനെതിരെ 202 റണ്‍സ് നേടി. 2007ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്‌ടൗണില്‍ നേടിയ ശതകമാണ് ജാഫറിന്‍റെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന്.

രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനാണ് വസീം ജാഫര്‍(12,038 റണ്‍സ്). രഞ്ജിയില്‍ 12,000 റണ്‍സ് നേടിയ ആദ്യ താരമായി. കരിയറിലെ ഏറിയ കാലവും മുംബൈക്കായി കളിച്ച താരം പിന്നീട് വിദര്‍ഭക്കായും പാഡുകെട്ടി. രഞ്ജിയില്‍ 150 മത്സരങ്ങള്‍ കളിച്ച ആദ്യ താരമെന്ന നേട്ടത്തിലുമെത്തി. 1996-97 സീസണില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ ജാഫര്‍ 256 മത്സരങ്ങളില്‍ നിന്ന് 19,211 റണ്‍സ് സ്വന്തമാക്കി. 57 സെഞ്ചുറികളും 91 അര്‍ധ സെഞ്ചുറികളും ഇതിലുണ്ട്. 314 ആണ് ഉയര്‍ന്ന സ്‌കോര്‍.

IND vs SA : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ അരങ്ങേറുമോ ഉമ്രാന്‍ മാലിക്; വമ്പന്‍ പ്രസ്‌‌താവനയുമായി ദ്രാവിഡ്