ക്യാച്ചിനേക്കാള്‍ സുന്ദരം ഈ പരിശ്രമം, വീണ്ടും ഫീല്‍ഡിംഗ് കിംഗായി ബെന്‍ സ്റ്റോക്സ്, വീഡിയോ വൈറല്‍

വെല്ലിംഗ്ടണ്‍: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡർമാരില്‍ ഒരാളാണ് ഇംഗ്ലണ്ടിന്‍റെ ബെന്‍ സ്റ്റോക്സ് എന്ന കാര്യത്തില്‍ ആർക്കും സംശയം കാണില്ല. ആഷസിലെ സ്റ്റോക്സിന്‍റെ വിസ്മയ ക്യാച്ച് ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കാനിടയില്ല. വീണ്ടുമൊരിക്കല്‍ കൂടി സ്റ്റോക്സ് ഇത് തെളിയിച്ചിരിക്കുകയാണ്. ഇത്തവണ ക്യാച്ച് സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നോട്ടോടി ക്യാച്ചിന് തൊട്ടരികെ വരെയെത്തിയ പരിശ്രമം കൊണ്ടാണ് സ്റ്റോക്സ് ശ്രദ്ധിക്കപ്പെട്ടത്. 

വെല്ലിംഗ്ടണിലെ ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെയായിരുന്നു ബെന്‍ സ്റ്റോക്സിന്‍റെ വണ്ടർ ക്യാച്ച് ശ്രമം ആരാധകർ കണ്ടത്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 435 റണ്‍സ് പിന്തുടരവെ 35.3 ഓവറില്‍ 103 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലായിരുന്നു കിവികള്‍. എന്നാല്‍ അവിടുന്നങ്ങോട്ട് കൂറ്റന്‍ ഷോട്ടുകളുമായി നായകന്‍ ടിം സൗത്തി കളംവാഴുകയായിരുന്നു. ഒന്‍പതാമനായി ക്രീസിലെത്തി 49 പന്തില്‍ അഞ്ച് ഫോറും ആറ് സിക്സും സഹിതം സൗത്തി 73 റണ്‍സെടുത്താണ് മടങ്ങിയത്. ഇതിനിടെയായിരുന്നു സൗത്തിയുടെ ഷോട്ടില്‍ ക്യാച്ചിനുള്ള സാഹസിക അവസരം കിംഗ് ബെന്നിനെ തേടിവന്നത്.

ലോംഗ് ഓണിലൂടെ ലീച്ചിനെ പറത്താന്‍ സൗത്തി ശ്രമിച്ചപ്പോള്‍ 30 വാരയ്ക്ക് അകത്ത് നിന്ന് ബൗണ്ടറിവര വരേ ഓടി ക്യാച്ചിനായി പറക്കുകയായിരുന്നു സ്റ്റോക്സ്. നിർഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് സ്റ്റോക്സിന് ക്യാച്ച് മിസ്സായത്. എടുത്തിരുന്നേല്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി ഇത് മാറുമായിരുന്നു. എങ്കിലും ബെന്‍ സ്റ്റോക്സിന്‍റെ പരിശ്രമത്തിന് കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം.

View post on Instagram

മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ 435 റണ്‍സിനെതിരെ ആദ്യ ഇന്നിംഗ്സില്‍ 209ന് പുറത്തായി 226 റണ്‍സിന്‍റെ ലീഡ് വഴങ്ങി ഫോളോ-ഓണ്‍ ചെയ്യുന്ന കിവികള്‍ മൂന്നാം ദിനം അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 202/3 എന്ന ശക്തമായ നിലയിലാണ്. ഏഴ് വിക്കറ്റ് കയ്യിലിരിക്കേ ഇംഗ്ലണ്ട് സ്കോറിനേക്കാള്‍ 24 റണ്‍സ് മാത്രം പിന്നിലാണ് ന്യൂസിലന്‍ഡ്. നേരത്തെ 103-7 എന്ന നിലയില്‍ ആദ്യ ഇന്നിംഗ്സില്‍ പതറിയ ന്യൂസിലന്‍ഡിനെ കരകയറ്റുകയായിരുന്നു എട്ടാം വിക്കറ്റില്‍ 98 റണ്‍സ് കൂട്ടുകെട്ടുമായി ടിം സൗത്തി-ടോം ബ്ലെന്‍ഡല്‍ സഖ്യം. 

ഫോളോ-ഓണില്‍ ഗംഭീര തിരിച്ചുവരവ്; ഇംഗ്ലണ്ടിനെതിരെ ചാരത്തില്‍ നിന്ന് ഉയർത്തെഴുന്നേറ്റ് ന്യൂസിലന്‍ഡ്