ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 263 റണ്‍സ് പിന്തുടരവേ 139 റണ്‍സിന് ഇന്ത്യയുടെ ഏഴ് വിക്കറ്റ് വീണപ്പോള്‍ ആരാധകര്‍ ഒന്ന് ഭയന്നതാണ്
ദില്ലി: ഈ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ എതിരാളികള്‍ ഭയക്കണം എന്ന് പറയുന്നത് ഇതുകൊണ്ടാണ്. 139 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്‌ടമായ ഒരു ടീമിനെ ലീഡിന് തൊട്ടടുത്ത് വരെ എത്തിക്കണമെങ്കില്‍ വാലറ്റത്തെ ഐതിഹാസിക പ്രകടനം കൂടിയേ തീരൂ. വീണ്ടും ഒരിക്കല്‍ക്കൂടി സമ്മര്‍ദത്തെ അനായാസം അതിജീവിച്ച് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുകയായിരുന്നു ഓസീസിനെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരായ രവിചന്ദ്രന്‍ അശ്വിനും അക്‌സര്‍ പട്ടേലും.
ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 263 റണ്‍സ് പിന്തുടരവേ 139 റണ്‍സിന് ഇന്ത്യയുടെ ഏഴ് വിക്കറ്റ് വീണപ്പോള്‍ ആരാധകര്‍ ഒന്ന് ഭയന്നു. എന്നാല്‍ എട്ടാം വിക്കറ്റില്‍ 114 റണ്‍സിന്‍റെ വിസ്‌മയ കൂട്ടുകെട്ടുമായി സ്‌പിന്‍ ഓള്‍റൗണ്ടര്‍മാരായ രവിചന്ദ്രന്‍ അശ്വിനും അക്‌സര്‍ പട്ടേലും ടീമിനെ കരകയറ്റി. ഇന്നിംഗ്സിലെ 81-ാമത്തെ ഓവറില്‍ പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ അശ്വിന്‍ പുറത്താകുമ്പോള്‍ ഇന്ത്യ 253ലെത്തിയിരുന്നു. അശ്വിനൊപ്പം സെഞ്ചുറിക്കൂട്ടുകെട്ട് സ്ഥാപിച്ച അക്‌സര്‍ പട്ടേല്‍ തുടര്‍ന്നും ബാറ്റ് വീശി. എന്നാല്‍ തൊട്ടടുത്ത ടോഡ് മര്‍ഫിയുടെ ഓവറില്‍ മിഡ് ഓണില്‍ പാറ്റ് കമ്മിന്‍സ് ഗംഭീര ക്യാച്ചില്‍ അക്‌സറിനെ മടക്കി. 115 പന്തില്‍ 9 ഫോറും 3 സിക്‌സും സഹിതം അക്‌സര്‍ 74 റണ്‍സ് നേടി. കാണാം കമ്മിന്‍സിന്‍റെ ക്യാച്ച്.
അക്‌സര്‍-അശ്വിന്‍ രക്ഷാപ്രവര്‍ത്തനത്തിനിടയിലും ദില്ലി ടെസ്റ്റില്‍ ഇന്ത്യ ഒരു റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഓസീസിനോട് വഴങ്ങി. 263 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് 83.3 ഓവറില്‍ 262 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 74 റണ്‍സ് നേടിയ അക്‌സര്‍ പട്ടേല്‍ തന്നെയാണ് ഇന്ത്യയുടെ ടോപ്പര്‍. 44 റണ്‍സെടുത്ത വിരാട് കോലി രണ്ടാമത്തെ ഉയര്‍ന്ന സ്കോറുകാരനും അശ്വിന്‍ മൂന്നാമനുമായി. അഞ്ച് വിക്കറ്റുമായി സ്‌പിന്നര്‍ നേഥന്‍ ലിയോണാണ് നേരത്തെ ഇന്ത്യയെ കനത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ഇതിന് ശേഷം അശ്വിന്‍-അക്‌സര്‍ സഖ്യം രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു. കുനേമാനും മര്‍ഫിയും രണ്ട് വീതവും കമ്മിന്‍സ് ഒരു വിക്കറ്റ് നേടി.
കൂട്ടിയിടിക്കൊടുവില്‍ ആലിംഗനം ചെയ്‌ത്, കൈകൊടുത്ത് പിരിഞ്ഞ് ജഡേജയും സ്‌മിത്തും- വീഡിയോ
