ഇന്ത്യന്‍ ഇന്നിംഗ്‌സിലെ നാല്‍പതാം ഓവറിലെ അവസാന പന്തില്‍ കവറിലേക്ക് പന്തടിച്ച് വേഗത്തില്‍ രവീന്ദ്ര ജഡേജ സിംഗിളിന് ശ്രമിക്കുമ്പോഴായിരുന്നു സംഭവം
ദില്ലി: ആഷസിനേക്കാള്‍ വലിയ ടെസ്റ്റ് പോരാട്ടമായി ഇതിനകം മാറിക്കഴിഞ്ഞു ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി. ഇരു ടീമുകളും താരങ്ങളും തമ്മില്‍ നടക്കുന്നത് വാശിയേറിയ പോരാട്ടം. ഇതിനിടെ ആരാധകരുടെ മനസ് കീഴടക്കുന്ന ഒരു കാഴ്‌ച ദില്ലിയിലെ രണ്ടാം ടെസ്റ്റിനിടെയുണ്ടായി. ഓസീസ് സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്‌മിത്തും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമായിരുന്നു ഇതിലെ കഥാപാത്രങ്ങള്‍.
ഇന്ത്യന്‍ ഇന്നിംഗ്‌സിലെ നാല്‍പതാം ഓവറിലെ അവസാന പന്തില്‍ കവറിലേക്ക് പന്തടിച്ച് വേഗത്തില്‍ രവീന്ദ്ര ജഡേജ സിംഗിളിന് ശ്രമിക്കുമ്പോഴായിരുന്നു സംഭവം. എന്നാല്‍ കോലി മടിച്ചതോടെ ജഡേജ ക്രീസിലേക്ക് തിരികെ പാഞ്ഞുകയറാന്‍ ശ്രമിച്ചു. ഇതിനിടെ സ്റ്റീവ് സ്‌മിത്തുമായി അബദ്ധത്തില്‍ കൂട്ടിയിടിക്കുകയായിരുന്നു ജഡേജ. എന്നാല്‍ പരസ്‌പരം ആലിഗനം ചെയ്‌ത്, കൈകൊടുത്ത് ഇരുവരും പുഞ്ചിരിയോടെ പിരിഞ്ഞത് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. സ്പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ് വെളിവാക്കുന്ന ഇരുവരുടേയും ദൃശ്യങ്ങള്‍ പിന്നാലെ വൈറലായി. 74 പന്തില്‍ 26 റണ്‍സെടുത്ത് ജഡേജ മടങ്ങിയെങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കി.
ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 263 റണ്‍സ് പിന്തുടരവേ ഏഴ് വിക്കറ്റ് വീണ് 139 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ അക്‌സര്‍ പട്ടേലും രവിചന്ദ്ര അശ്വിനും ചേര്‍ന്ന് കരകയറ്റി. ഇരുവരും ചേര്‍ന്നുള്ള 114 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയിലും കാത്തത്. ന്യൂബോളില്‍ പന്തെറിഞ്ഞ നായകന്‍ പാറ്റ് കമ്മിന്‍സ് 71 പന്തില്‍ 37 റണ്‍സലെടുത്ത അശ്വിനെ പുറത്താക്കുകയായിരുന്നു. മാറ്റ് റെന്‍ഷോയുടെ തകര്‍പ്പന്‍ ക്യാച്ചിലായിരുന്നു പുറത്താകല്‍. കോലി 44 ഉം ജഡേജ 26 ഉം റണ്‍സെടുത്ത് മടങ്ങി. അക്‌സര്‍ 115 പന്തില്‍ 74 റണ്‍സ് അടിച്ചെടുത്തു. 32 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയാണ് പിന്നീടുള്ള ടോപ് സ്കോറര്‍.
വെറും മാസ് അല്ല, മരണമാസ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 5000 റണ്‍സും 700 വിക്കറ്റും തികച്ച് അശ്വിന്‍
