ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ശുഭ്‌മാന്‍ ഗില്ലിനെ പുറത്താക്കാനെടുത്ത ക്യാച്ചിന് സമാനമാണിത്

എഡ്‌ജ്‌ബാസ്റ്റണ്‍: വീണ്ടും ഗള്ളിയില്‍ പറക്കും ക്യാച്ചുമായി ഓസ്ട്രേലിയന്‍ യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കെറ്റിനെ പുറത്താക്കാനാണ് ഗള്ളിയില്‍ ഗ്രീന്‍ പറന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ശുഭ്‌മാന്‍ ഗില്ലിനെ പുറത്താക്കാനെടുത്ത ക്യാച്ചിന് സമാനമാണിത്. 

മൂന്നാം ദിനം ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്‌സിലെ എട്ടാം ഓവറില്‍ ഓസീസ് നായകന്‍ കൂടിയായ പാറ്റ് കമ്മിന്‍സിന്‍റെ നാലാം പന്തില്‍ ബാറ്റ് വെച്ച ബെന്‍ ഡക്കെറ്റിനെ നിലംപറ്റെയുള്ള ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു കാമറൂണ്‍ ഗ്രീന്‍. ഓഫ് സ്റ്റംപിന് പുറത്തായി വന്ന കമ്മിന്‍സിന്‍റെ പന്ത് ബിഹൈന്‍റ് സ്‌ക്വയറിലേക്ക് കളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഡക്കെറ്റിന് പാളിയെങ്കില്‍ മുഴുനീള ഡൈവിംഗിലൂടെ വണ്ടര്‍ ക്യാച്ച് ഗ്രീന്‍ സ്വന്തമാക്കുകയായിരുന്നു. പന്ത് നിലത്ത് തട്ടിയോ എന്ന് മൂന്നാം അംപയര്‍ പരിശോധിച്ച ശേഷമാണ് വിക്കറ്റ് അനുവദിച്ചത്. 28 പന്ത് നേരിട്ട ഡക്കെറ്റിന് 19 റണ്‍സേയുള്ളൂ. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ഓസീസ് പേസര്‍ സ്കോട്ട് ബോളണ്ട്, ഡക്കെറ്റിന്‍റെ സഹഓപ്പണര്‍ സാക്ക് ക്രൗലിയെ കൂടി പറഞ്ഞയച്ചു. ഇക്കുറി വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്കായിരുന്നു ക്യാച്ച്. 25 പന്ത് നേരിട്ട ക്രൗലി ഏഴ് റണ്‍സ് മാത്രം നേടിയാണ് മടങ്ങിയത്. ഏഴ് റണ്‍സിന്‍റെ ലീഡ് മാത്രമായി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഇതോടെ 10 ഓവറിനിടെ ഓപ്പണര്‍മാര്‍ രണ്ട് പേരെയും നഷ്‌ടമായി. 

Scroll to load tweet…

ഗള്ളിയില്‍ കാമറൂണ്‍ ഗ്രീന്‍ തകര്‍പ്പന്‍ ക്യാച്ചെടുക്കുന്നത് ഇതാദ്യമല്ല. ഇംഗ്ലണ്ടില്‍ തന്നെ ഓവലില്‍ വച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ജൂണ്‍ ആദ്യം രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെ പുറത്താക്കാന്‍ ഗ്രീന്‍ ഗള്ളിയില്‍ നിലംപറ്റെ സമാനമായ ക്യാച്ചെടുത്തിരുന്നു. അന്ന് ഒറ്റകൈയില്‍ പന്ത് കോരിയെടുക്കുകയായിരുന്നു കാമറൂണ്‍ ഗ്രീന്‍ എന്നാല്‍ ഗ്രീന്‍ ക്യാച്ച് പൂര്‍ത്തിയാക്കുന്ന സമയം പന്ത് മൈതാനത്ത് തട്ടിയിരുന്നോ എന്ന സംശയം ബലപ്പെട്ടിരുന്നു. ഇത് വിക്കറ്റാണ് എന്ന തീരുമാനമാണ് അന്ന് ടിവി അംപയര്‍ സ്വീകരിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍ അജിങ്ക്യ രഹാനെയെ പുറത്താക്കാന്‍ ഗ്രീന്‍ ഗള്ളിയില്‍ തന്നെ ഒറ്റകൈ കൊണ്ട് മറ്റൊരു ഗംഭീര ക്യാച്ചും എടുത്തിരുന്നു. എന്നാല്‍ ഈ ക്യാച്ച് വായുവില്‍ വച്ചായിരുന്നു. സെഞ്ചുറിയിലേക്ക് നീങ്ങുമായിരുന്ന രഹാനെയെയാണ് ഗ്രീന്‍ അവിശ്വസനീയ ക്യാച്ചിലൂടെ മടക്കിയത്.

Read more: ഗ്രീന്‍ ചതിയനോ? ഗില്ലിനെ പുറത്താക്കിയ പറക്കുംക്യാച്ചില്‍ വിവാദം; ട്വിറ്ററില്‍ ഏറ്റുമുട്ടി ആരാധകര്‍- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News