എനിക്കല്ല, അവനാണ് അര്‍ഹത; പരമ്പര വിജയികള്‍ക്കുള്ള കിരീടം വാങ്ങാന്‍ രാഹുലിനെ നിര്‍ബന്ധിച്ച് രോഹിത്-വീഡിയോ
മൂന്നാം മത്സരം തോറ്റെങ്കിലും പരമ്പര വിജയകിള്‍ക്കുള്ള ട്രോഫി ഏറ്റുവാങ്ങാനായി ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിനെയാണ് മത്സരത്തിനൊടുവില്‍ അവതാരകനായ ഹര്‍ഷ ഭോഗ്‌ലെ ക്ഷണിച്ചത്.

രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ തോറ്റെങ്കിലും പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും നേരത്തെ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിനെ നയിച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലായിരുന്നു. രോഹിത്തും കോലിയും ഹാര്‍ദ്ദികും കുല്‍ദീപ് യാദവുമെല്ലാം വിട്ടു നിന്നിട്ടും ഇന്ത്യ ആധികാരിക ജയങ്ങളുമായി പരമ്പര സ്വന്തമാക്കി.
എന്നാല്‍ മൂന്നാം മത്സരത്തില്‍ രോഹിത് നായകനായി തിരിച്ചെത്തിയപ്പോഴാകട്ടെ ഇന്ത്യ തോല്‍വി വഴങ്ങുകയും ചെയ്തു. മൂന്നാം മത്സരം തോറ്റെങ്കിലും പരമ്പര വിജയകിള്‍ക്കുള്ള ട്രോഫി ഏറ്റുവാങ്ങാനായി ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിനെയാണ് മത്സരത്തിനൊടുവില്‍ അവതാരകനായ ഹര്‍ഷ ഭോഗ്‌ലെ ക്ഷണിച്ചത്. എന്നാല്‍ ട്രോഫി വാങ്ങാനായി പോകാതെ കെ എല്‍ രാഹുലിനെ നിര്‍ബന്ധപൂര്‍വം ട്രോഫി വാങ്ങാന്‍ പറഞ്ഞുവിട്ട രോഹിത് മാറി നിന്നു. ട്രോഫിയില്‍ കൈവെക്കാന്‍ രാഹുല്‍ വീണ്ടും രോഹിത്തിനെ ക്ഷണിച്ചപ്പോള്‍ ട്രോഫി സമ്മാനിച്ച മുന്‍ ബിസിസിഐ സെക്രട്ടറി നിരഞ്ജന്‍ ഷാക്കൊപ്പം ട്രോഫിയില്‍ പിടിച്ച് പോസ് ചെയ്യാന്‍ രോഹിത് രാഹുലിനോട് പറയുന്നതും വീഡിയോയില്‍ കാണാം.
പിന്നീട് ട്രോഫിയുമായി രാഹുലിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും രോഹിത് തയാറായി. നേരത്തെ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ട ശുഭ്മാന്‍ ഗില്ലിനുള്ള ട്രോഫിയും ചെക്കും ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ഏറ്റുവാങ്ങിയിരുന്നു. മൂന്നാം മത്സരത്തിലെ തോല്‍വി കാര്യമാക്കുന്നില്ലെന്നും ഏകദിന ലോകകപ്പിന് മുമ്പ് എല്ലാ മേഖലകളിലും മികവ് കാട്ടാനായെന്നും രോഹിത് ഇന്നലെ മത്സരഷശേഷം പറഞ്ഞു.
ജസ്പ്രീത് ബുമ്ര ഇന്നലെ റണ്‍സേറെ വഴങ്ങിയത് ആശങ്കപ്പെടുത്തുന്നില്ലെന്നും ബുമ്ര 10 ഓവര്‍ തികച്ചെറിയാനുള്ള മാച്ച് ഫിറ്റ്നെസ് തെളിയിച്ചുവെന്നതിനാണ് ടീം പ്രാധാന്യം നല്‍കുന്നതെന്നും രോഹിത് പറഞ്ഞിരുന്നു. ഇന്നലെ തന്‍റെ ആദ്യ ഓഞ്ചോവറില്‍ 51 റണ്‍സാണ് ബുമ്ര വഴങ്ങിയത്. അവസാന അഞ്ചോവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് ബുമ്ര തിരിച്ചുവരവ് നടത്തുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക