രോഹിത്തിന്‍റെ 'വെടിയുണ്ട' അവിശ്വസനീയമായി കൈയിലൊതുക്കി മാക്സ്‌വെല്‍, കണ്ണുതള്ളി ആരാധകർ-വീഡിയോ
തകര്‍പ്പന്‍ ഷോട്ടുകളുമായി ഇന്ത്യക്ക് മികച്ച തുടക്കമിട്ട രോഹിത്തും വാഷിംഗ്‌ടണ്‍ സുന്ദറും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 74 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. പിന്നീച് ക്രീസിലെത്തിയ വിരാട് കോലിക്കൊപ്പവും മികച്ച കൂട്ടുകെട്ടുണ്ടാക്കിയ രോഹിത് ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചു.

രാജ്കോട്ട്: രാജ്കോട്ട്:ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറിയിലേക്ക് കുതിച്ച രോഹിത് ശര്‍മയുടെ വെടിച്ചില്ല് ഷോട്ട് അവിശ്വസനീയമായി കൈയിലൊതുക്കി ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്‍. ഇന്ത്യന്‍ ഇന്നിംഗ്സിലെ 21-ാം ഓവറിലായിരുന്നു മാക്‌സ്‌വെല്ലിന്‍റെ അവിശ്വസനീയ ക്യാച്ച് പിറന്നത്.
തകര്‍പ്പന്‍ ഷോട്ടുകളുമായി ഇന്ത്യക്ക് മികച്ച തുടക്കമിട്ട രോഹിത്തും വാഷിംഗ്‌ടണ്‍ സുന്ദറും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 74 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. പിന്നീട് ക്രീസിലെത്തിയ വിരാട് കോലിക്കൊപ്പവും മികച്ച കൂട്ടുകെട്ടുണ്ടാക്കിയ രോഹിത് ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചു. രോഹിത്തിനൊപ്പം കോലിയും തകര്‍ത്തടിച്ചതോടെ ഇന്ത്യ അനായാസം ജയിക്കുമെന്ന തോന്നലുണ്ടായെങ്കിലും പാര്‍ട്ട് ടൈം സ്പിന്നറായ ഗ്ലെന്‍ മാക്സ്‌വെല്ലിനെ പന്തേല്‍പ്പിക്കാനുള്ള ഓസീസ് നായകന്‍ പാറ്റ് കമിന്‍സിന്‍റെ തീരുമാനം ഇന്ത്യയുടെ പദ്ധതികള്‍ തകിടം മറച്ചു.
രാജ്കോട്ടില്‍ ഹിറ്റ്മാന്‍റെ രാജവാഴ്ച, അതിവേഗം 550, സിക്സ് അടിയില്‍ റെക്കോര്‍ഡിട്ട് രോഹിത്
തന്‍റെ ആദ്യ ഓവറില്‍ വാഷിംഗ്‌ടണ്‍ സുന്ദറിനെ മടക്കിയ മാക്സ്‌വെല്‍ പത്തോവറുകള്‍ക്ക് ശേഷമാണ് രണ്ടാം ഓവര്‍ എറിയാനായി എത്തിയത്. മാക്സ്‌വെല്ലിന്‍റെ ഓവറിലെ നാലാം പന്തില്‍ സിക്സ് അടിച്ച രോഹിത് അവസാന പന്തിലും ഫ്രണ്ട് ഫൂട്ടില്‍ കയറിവന്ന് സ്ട്രെയ്റ്റ് ഡ്രൈവ് ചെയ്തെങ്കിലും പന്ത് നേരെ ചെന്നത് മാക്സ്‌വെല്ലിന്‍റെ നേര്‍ക്കായിരുന്നു.
ശക്തിയേറിയ അടിയായിട്ടും ഒറ്റക്കൈക്കൊണ്ട് പന്ത് കൈപ്പിടിയിലൊതുക്കിയ മാക്സ്‌വെല്ലിന് പോലും ആ ക്യാച്ചെടുത്തത് വിശ്വസിക്കാനായില്ല. 57 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്സും പറത്തി 81 റണ്‍സെടുത്ത രോഹിത് വലിയൊരു ഇന്നിംഗ്സിന് അടിത്തറയിട്ടുവെന്ന് ആരാധകര്‍ കരുതിയിരിക്കെയായിരുന്നു മാക്സ്‌വെല്ലിന്‍റെ അവിശ്വസീനയ ക്യാച്ച്. നേരത്തെ വ്യക്തിഗത സ്കോര്‍ 48ല്‍ നില്‍ക്കെ രോഹിത്തിനെ ഓസീസ് കൈവിട്ടിരുന്നു. രോഹിത്തിനെ പുറത്താക്കാന്‍ മാക്സ്‌വെല്ലെടുത്ത ക്യാച്ചാണ് കളിയില്‍ വഴിത്തിരിവായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലാബുഷെയ്ന്‍ എന്നിവരുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറികളിലൂടെ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തപ്പോള്‍ ഇന്ത്യക്ക് 49.4 ഓവറില്‍ 286 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.. 84 പന്തില്‍ 96 റണ്‍സെടുത്ത ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ജസ്പ്രീത് ബുമ്രയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക