സിഡ്‌നി: ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍റെ അപൂര്‍വ്വ പുറത്താകല്‍. ന്യൂ സൗത്ത് വെയ്‌ല്‍സിനെതിരായ മത്സരത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ബാറ്റ്സ്‌മാന്‍ ഹില്‍ട്ടണ്‍ കാര്‍ട്ട്‌റൈറ്റാണ് ഇത്തരത്തില്‍ പുറത്തായത്. 

ജാസന്‍ സംഗയുടെ ഷോട്ട് പിച്ച് പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച കാര്‍ട്ട്‌റൈറ്റിന്‍റെ കണക്കുകൂട്ടല്‍ പിഴയ്ക്കുകയായിരുന്നു. ശരീരത്തില്‍ കൊള്ളാതിരിക്കാന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ഷോട്ട് ലെഗ് ഫീല്‍ഡര്‍ നിക്ക് ലാര്‍ക്കിന്‍റെ ഹെല്‍മറ്റില്‍ തട്ടി പന്ത് തെറിച്ചു. എന്നാല്‍ ഓടിയെത്തിയ ജാസന്‍ സംഗ റിട്ടേണ്‍ ക്യാച്ചില്‍ കാര്‍ട്ട്‌റൈറ്റിനെ പുറത്താക്കി. മൂന്ന് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 

ഏറെക്കുറ സമാനമായ സംഭവം 2006ലും നടന്നിട്ടുണ്ട്. മെല്‍ബണ്‍ ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ആന്‍ഡ്രൂ സൈമണ്ട്‌സാണ് ഇത്തരത്തില്‍ അന്ന് പുറത്തായത്. ജെഹാന്‍ മുബാറക്കിന്‍റെ പന്തില്‍ സൈമണ്ട്‌സ് സ്‌ട്രൈറ്റ് ഡ്രൈവിന്  ശ്രമിച്ചപ്പോള്‍ പന്ത് നോണ്‍ സ്‌ട്രൈക്കര്‍ ക്ലാര്‍ക്കിന്‍റെ കാലില്‍ തട്ടി ദില്‍ഷന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.