പിന്നീടുള്ള മത്സരങ്ങളില്‍ വിക്കറ്റ് വേട്ട നടത്തിയ ഷമി വെറും ഏഴ് മത്സരങ്ങളില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെ 24 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായി.

ലഖ്നൗ: ലോകകപ്പിലെ മിന്നും പ്രകടനത്തിനുശേഷം മുഹമ്മദ് ഷമി ആരാധകര്‍ക്കിടയില്‍ സൂപ്പര്‍ ഹീറോ ആണ്. ബാറ്റര്‍മാര്‍ക്കും അപൂര്‍വം ബൗളര്‍മാര്‍ക്കും മാത്രം ലഭിച്ചിരുന്ന വീരപരിവേഷമാണിപ്പോള്‍ ഷമിക്ക് ആരാധകര്‍ക്കിടയില്‍. ലോകകപ്പില്‍ ആദ്യ നാലു കളികളില്‍ പുറത്തിരുന്ന ഷമിക്ക് ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതുകൊണ്ട് മാത്രമാണ് അഞ്ചാം മത്സരത്തില്‍ അവസരം ലഭിച്ചത്.

എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ വിക്കറ്റ് വേട്ട നടത്തിയ ഷമി വെറും ഏഴ് മത്സരങ്ങളില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെ 24 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായി. ഒപ്പം ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറെന്ന റെക്കോര്‍ഡും ഷമി സ്വന്തമാക്കി. ലോകകപ്പിലെ സൂപ്പര്‍ ഹിറോ പ്രകടനത്തിനുശേഷം ഷമി പോകുന്നയിടങ്ങളിലെല്ലാം വന്‍ ആരാധകരാണ് തടിച്ചു കൂടുന്നത്.

ലോകകപ്പില്‍ രോഹിത് ഇന്ത്യക്കായി ചെയ്തത് ആവര്‍ത്തിക്കാന്‍ ഇനി അവനെ കഴിയൂ; തുറന്നു പറഞ്ഞ് മഞ്ജരേക്കര്‍

കഴിഞ്ഞ ദിവസം ഷമി തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഉത്തര്‍പ്രദേശിലെ തന്‍റെ ഫാം ഹൗസിന് മുന്നില്‍ കൂടെ നിന്ന് ഫോട്ടോ എടുക്കാനായി ക്യൂ നില്‍ക്കുന്ന ആരാധകരുടെ വീഡിയോ ആണ് ഷമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വരിവരിയായി നില്‍ക്കുന്ന ആരാധകരെ സുരക്ഷാ ജീവനക്കാര്‍ പരിശോധനകള്‍ക്കുശേഷം കടത്തിവിടുന്നതും സമീപത്തുകൂടെ ഷമി കാറില്‍ വരുന്നതും വീഡിയോയില്‍ കാണാം.

View post on Instagram

ദക്ഷിണാഫ്രിക്കക്കെതിരായ വൈറ്റ് ബോള്‍ സീരീസില്‍ വിശ്രമം അനുവദിച്ച ഷമി ടെസ്റ്റ് പരമ്പരക്കായുള്ള തയാറെടുപ്പിലാണിപ്പോള്‍. ലോകകപ്പില്‍ കണങ്കാലിന് നേരിയ പരിക്കുണ്ടായിരുന്നെങ്കിലും ഇന്ത്യക്കായി തകര്‍ത്തെറിഞ്ഞ ഷമി ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും മികവ് കാട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക