ഡിആര്‍എസ് എടുക്കണോ എന്ന ചര്‍ച്ചക്കായി ബുമ്രയും പന്തും രാഹുലും ജഡേജയും അടക്കമുള്ള താരങ്ങള്‍ വിക്കറ്റിന് അടുത്ത് നിന്നപ്പോള്‍ സംസാരിച്ച കാര്യങ്ങളാണ് സ്റ്റംപ് മൈക്കിലൂടെ പുറത്തായത്.
കൊല്‍ക്കത്ത: കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമക്കെതിരെ ബോഡി ഷെയ്മിംഗ് പരാമര്‍ശം നടത്തി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്കായി ഓപ്പണര്‍മാരായ റിയാന്‍ റിക്കിള്‍ടണും ഏയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് 10.3 ഓവറില്‍ 57 റണ്‍സ് അടിച്ച് നല്ല തുടക്കം നല്‍കിയെങ്കിലും റിക്കിള്‍ടണെ പുറത്താക്കി ബുമ്രയാണ് കൂട്ടുകെട്ട് പൊളിച്ചത്.
റിക്കിള്‍ടണെ ബൗള്‍ഡാക്കിയ ബുമ്ര തന്‍റെ അടുത്ത ഓവറില്‍ ഏയ്ഡന്‍ മാര്‍ക്രത്തെ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. ഇതിന് പിന്നാലെ ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ ബുമ്രയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എന്നാല്‍ എല്‍ബിഡബ്ല്യുവിനായുള്ള ബുമ്രയുടെയും ഇന്ത്യൻ താരങ്ങളുടെയും അപ്പീല്‍ അമ്പയര്‍ നിരസിച്ചു.
ഇതോടെ ഡിആര്‍എസ് എടുക്കണോ എന്ന ചര്‍ച്ചക്കായി ബുമ്രയും പന്തും രാഹുലും ജഡേജയും അടക്കമുള്ള താരങ്ങള്‍ വിക്കറ്റിന് അടുത്ത് നിന്നപ്പോള്‍ സംസാരിച്ച കാര്യങ്ങളാണ് സ്റ്റംപ് മൈക്കിലൂടെ പുറത്തായത്. റിവ്യു എടുക്കാനുള്ള ബുമ്രയുടെ ആവശ്യത്തോട് റിഷഭ് പന്ത് അനുകൂലമായല്ല പ്രതികരിച്ചത്. ഹൈറ്റ് കൂടുതലായിരുന്നുവെന്ന് റിഷഭ് പന്ത് പറഞ്ഞപ്പോള്‍ ബാവുമ ‘കുള്ളനായതുകൊണ്ട്’ ഉയരം കൂടിയത് പ്രശ്നമാകില്ലെന്നായിരുന്നു ഹിന്ദിയില്‍ ബുമ്രയുടെ മറുപടി. ഇതുകേട്ട് മറ്റ് താരങ്ങള്‍ ചിരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. കുള്ളനൊക്കെ ശരിതന്നെ, പക്ഷെ ഉയരം കൂടുതലായിരുന്നു എന്ന് പന്ത് പറയുന്നതോടെ റിവ്യു എടുക്കാത ബുമ്ര ബൗളിംഗ് എന്‍ഡിലേക്ക് തിരിച്ചു നടക്കുന്ന വീഡിയോയും സംഭാഷണങ്ങളുമാണ് പുറത്തുവന്നത്.
ഇതിനെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. 3 റണ്‍സെടുത്ത ബാവുമ പിന്നീട് കുല്‍ദീപ് യാദവിന്‍റെ പന്തില്‍ ഫോര്‍വേഡ് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ധ്രുവ് ജുറെലിന് ക്യാച്ച് നല്‍കി പുറത്താവുകയും ചെയ്തു. ടോസ് നേടി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. വിയാന്‍ മുള്‍ഡറും ടോണി ഡി സോര്‍സിയുമാണ് ക്രീസില്‍.


