കരിയറിലെ ഏറ്റവും മികച്ച ക്യാച്ച്, ട്രാവിഡ് ഹെഡിനെ ഒറ്റകൈയില്‍ കുരുക്കിയാണ് ജോ റൂട്ട് ചരിത്രമെഴുതിയത്  

ലോര്‍ഡ‍്‌സ്: ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ എടുത്ത ഫീല്‍ഡര്‍ എന്ന നേട്ടത്തില്‍ ജോ റൂട്ട്. അതും സ്വപ്‌നതുല്യമായൊരു ഒറ്റകൈയന്‍ പറക്കും ക്യാച്ച് കൊണ്ട്. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ വെടിക്കെട്ട് വീരന്‍ ട്രാവിഡ് ഹെഡിനെ പുറത്താക്കാനാണ് ജോ പാറിപ്പറന്നത്. റൂട്ടിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വണ്‍ ഹാന്‍ഡഡ് ക്യാച്ചായി ഇതിനെ വിശേഷിപ്പിക്കാം. 

ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സില്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്‌മിത്ത് പുറത്തായതോടെയാണ് ട്രാവിഡ് ഹെഡ് ക്രീസിലെത്തിയത്. ഇംഗ്ലണ്ടിന്‍റെ ബാസ്‌ബോള്‍ ശൈലിക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന സ്വഭാവക്കാരനായ ഹെഡിനെ എന്നാല്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ഒരു കെണി വച്ചപ്പോള്‍ ജോ റൂട്ട് വണ്ടര്‍ ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു. ഓസീസ് ഇന്നിംഗ്‌സിലെ 68-ാം ഓവറിലെ മൂന്നാം പന്തില്‍ ബ്രോഡ് ശരീരത്തിന് നേര്‍ക്ക് ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച ഹെഡിന് പിഴയ്‌ക്കുകയായിരുന്നു. ഞൊടിയിടയില്‍ പറക്കും ഇടംകൈയന്‍ ക്യാച്ചുമായി ഷോര്‍ട് ലെഗില്‍ റൂട്ട് അമ്പരപ്പിച്ചു. പന്ത് ഹെഡിന്‍റെ ഗ്ലൗവിന് താഴെ തട്ടിയുയര്‍ന്നപ്പോള്‍ റൂട്ടിന്‍റെ റിയാക്‌ഷനും ടൈമിംഗും എല്ലാം കിറുകൃത്യമായി. 16 പന്ത് നേരിട്ട ഹെഡിന് ഒരു ബൗണ്ടറിയോടെ ഏഴ് റണ്‍സ് മാത്രമേ നേടാനായുള്ളൂ. ടെസ്റ്റ് ക്രിക്കറ്റില്‍ ഫീല്‍ഡറായി റൂട്ടിന്‍റെ 176-ാം ക്യാച്ചാണിത്. 

കാണാം ക്യാച്ച്

Scroll to load tweet…

മത്സരം ആവേശകരമായി നാലാം ദിനം ആദ്യ സെഷന്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അലക്‌സ് ക്യാരിയും(10*), കാമറൂണ്‍ ഗ്രീനും(15*) ക്രീസില്‍ നില്‍ക്കേ ഓസീസിന് ഇപ്പോള്‍ 313 റണ്‍സിന്‍റെ ലീഡായി. ടീം സ്കോര്‍ 74 ഓവറില്‍ 222/5. ഉസ്‌മാന്‍ ഖവാജ-77, ഡേവിഡ് വാര്‍ണര്‍-25, മാര്‍നസ് ലബുഷെയ്‌ന്‍-30, സ്റ്റീവ് സ്‌മിത്ത്-34, ട്രാവിഡ് ഹെഡ്-7 എന്നിവരാണ് പുറത്തായത്. നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 416നെതിരെ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 325 റണ്‍സില്‍ എല്ലാവരും പുറത്തായിരുന്നു. ഇതോടെ 91 റണ്‍സിന്‍റെ ലീഡുമായാണ് ഓസീസ് രണ്ടാമത് ബാറ്റിംഗിന് ഇറങ്ങിയത്. 

Read more: എന്ത് ഷോട്ടാണ് എന്ന് ചോദിക്കരുത്; നിലംതല്ലി മാതിരി അടിച്ച് തെറിച്ചുവീണ് സ്റ്റീവ് സ്‌മിത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News