ലീഡ്‌സിലെ ദയനീയ പുറത്താകലിന് ശേഷം ബെയ്‌ര്‍സ്റ്റോയുമായി കൊണ്ടും കൊടുത്തും സ്റ്റീവ് സ്‌മിത്ത്
ഹെഡിംഗ്‌ലെ: ലീഡ്‌സിലെ ആഷസ് ക്രിക്കറ്റ് ടെസ്റ്റ് ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം സ്റ്റീവ് സ്‌മിത്തിന്‍റെ നൂറാം ടെസ്റ്റ് മത്സരമായിരുന്നു. സമകാലിക ക്രിക്കറ്റിലെ ഇതിഹാസമായ സ്‌മിത്തിന്‍റെ ബാറ്റില്‍ നിന്ന് അതിനാല്‍ തന്നെ ആരാധകര്‍ വലിയ ഇന്നിംഗ്‌സുകളാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഹെഡിംഗ്‌ലെയിലെ ഇരു ഇന്നിംഗ്‌സിലും കുഞ്ഞന്‍ സ്കോറില്‍ പുറത്താവാനായിരുന്നു സ്‌മിത്തിന്‍റെ വിധി. രണ്ടാം ഇന്നിംഗ്‌സില്‍ സ്‌മിത്ത് പുറത്തായതും ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയ്‌ര്‍സ്റ്റോയുമായി താരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് കാണാമായിരുന്നു. എന്താണ് നടന്നതെന്ന് അപ്പോള്‍ വ്യക്തമായില്ലെങ്കിലും പിന്നീട് വീഡിയോ പുറത്തുവന്നതോടെ കാര്യങ്ങള്‍ക്ക് വ്യക്തതയായി.
ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്‌സിലെ 28-ാം ഓവറില്‍ ഇംഗ്ലീഷ് സ്‌പിന്നര്‍ മൊയീന്‍ അലിയുടെ പന്തിലാണ് സ്റ്റീവ് സ്‌മിത്ത് പുറത്തായത്. ഫ്ലിക്കിന് ശ്രമിച്ച സ്‌മിത്ത് ഷോര്‍ട് മിഡ്‌വിക്കറ്റില്‍ ബെന്‍ ഡക്കെറ്റിന്‍റെ അനായാസ ക്യാച്ചില്‍ മടങ്ങുകയായിരുന്നു. വിക്കറ്റ് നഷ്‌ടമായി മടങ്ങുമ്പോള്‍ ബെയ്‌ര്‍സ്റ്റോ, സ്‌മിത്തിനോട് ഒരു കാര്യം പറയുകയായിരുന്നു. വിക്കറ്റ് സെലിബ്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് 'അത് കാണൂ സ്‌മഡ്‌ജ്''... എന്നായിരുന്നു സ്‌മിത്തിനോട് ബെയ്‌ര്‍സ്റ്റോയുടെ വാക്കുകള്‍. 'അതെന്താണ്' എന്നായിരുന്നു സ്‌മിത്തിന്‍റെ തിരികെയുള്ള ചോദ്യം. ചിയേഴ്‌സ് എന്നാണ് ഞാന്‍ പറഞ്ഞത്, പിന്നെ കാണാം' എന്നായിരുന്നു ഇതിനോട് ബെയ്‌ര്‍സ്റ്റോയുടെ മറുപടി. എന്തായാലും കനത്ത നിരാശയോടെയാണ് സ്‌മിത്ത് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത് എന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു.
ഹെഡിംഗ്‌ലെയിലെ ആദ്യ ഇന്നിംഗ്‌സില്‍ 31 പന്തില്‍ 22 റണ്‍സുമായി പുറത്തായ സ്‌മിത്തിന് രണ്ടാം ഇന്നിംഗ്‌സില്‍ 9 പന്തില്‍ 2 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ആദ്യ ഇന്നിംഗ്‌സിൽ 26 റൺസ് ലീഡ് നേടിയ ഓസീസ് രണ്ടാം ദിനം നാല് വിക്കറ്റിന് 116 റൺസ് എന്ന നിലയിലാണ് കളിയവസാനിപ്പിച്ചത്. ആറ് വിക്കറ്റ് ശേഷിക്കേ ഓസീസിന് ഇപ്പോൾ 142 റൺസ് ലീഡുണ്ട്. 18 റൺസുമായി ട്രാവിസ് ഹെഡും 17 റൺസുമായി മിച്ചൽ മാർഷുമാണ് ക്രീസിൽ. സ്റ്റീവ് സ്‌മിത്തിന് പുറമെ ഉസ്‌മാൻ ഖവാജ 43 ഉം ഡേവിഡ് വാർണർ ഒന്നും മാർനസ് ലെബുഷെയ്ൻ 33 ഉം റണ്‍സെടുത്ത് പുറത്തായതാണ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ ബാറ്റര്‍മാര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
