റാഷിദിന്‍റെ ആദ്യ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സ്, അടുത്ത രണ്ട് പന്തുകളും ലോംഗ് ഓഫിന് മുകളിലൂടെ പറന്നു.

ലണ്ടൻ: ഇംഗ്ലണ്ടില്‍ നടക്കുന്ന ഹണ്ട്രഡ് ചാമ്പ്യൻഷിപ്പില്‍ റാഷിദ് ഖാനെ തുടര്‍ച്ചയായി അഞ്ച് തവണ സിക്സിന് പറത്തി കെയ്റോണ്‍ പൊള്ളാര്‍ഡ്. ട്രെന്‍റ് റോക്കറ്റിനെതിരായ മത്സരത്തിലാണ് സതേണ്‍ ബ്രേവിനായി ഇറങ്ങിയ പൊള്ളാര്‍ഡ് സിക്സര്‍ പൂരം ഒരുക്കിയത്. 100 പന്തില്‍ 127 റണ്‍സടിച്ച ട്രെന്‍റ് റോക്കറ്റിനെതിരെ 76 പന്തില്‍ 78-6 എന്ന സ്കോറില്‍ സതേണ്‍ ബ്രേവ് പതറുമ്പോഴാണ് പൊള്ളാര്‍ഡ് ക്രീസിലുണ്ടായിരുന്നു. ആദ്യ 14 പന്തില്‍ 6 റണ്‍സ് മാത്രമെടുത്ത പൊള്ളാര്‍ഡ് റാഷിദ് ഖാന്‍റെ ഓവറില്‍ കളിയുടെ ഗതി മാറ്റി.

റാഷിദിന്‍റെ ആദ്യ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സ്, അടുത്ത രണ്ട് പന്തുകളും ലോംഗ് ഓഫിന് മുകളിലൂടെ പറന്നു, നാലാം പന്ത് വീണ്ടും മിഡ് വിക്കറ്റിന് മുകളിലൂടെ ഫ്ലാറ്റ് സിക്സ്, അഞ്ചാം പന്ത് വീണ്ടും ലോംഗ് ഓഫിന് മുകളിലൂടെയും പൊള്ളാര്‍ഡ് സിക്സിന് പറത്തി. ആദ്യ 15 പന്തില്‍ 10 റണ്‍സ് മാത്രം വഴങ്ങിയിരുന്ന റാഷിദ് ഖാന്‍ ഓവര്‍ കഴിഞ്ഞപ്പോഴേക്കും 20 പന്തില്‍ വഴങ്ങിയത് 40 റണ്‍സ്. എന്നാല്‍ അഞ്ച് സിക്സിന് പിന്നാലെ 23 പന്തില്‍ 45 റണ്‍സടുത്തിരുന്ന പൊള്ളാര്‍ഡ് റണ്ണൗട്ടായതോടെ സതേണ്‍ ബ്രേവ് വീണ്ടും തോല്‍വിയെ മുന്നില്‍ കണ്ടു.

Scroll to load tweet…

ഒടുവില്‍ ഒരു പന്ത് ബാക്കിയിരിക്കെ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് സതേണ്‍ ബ്രേവ്‌സ് ലക്ഷ്യത്തിലെത്തിയത്. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ നാലു റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ക്രിസ് ജോര്‍ദാന്‍ അടിച്ച ബൗണ്ടറിയാണ് പൊള്ളാര്‍ഡിന്‍റെ വെടിക്കെട്ടിന് ശേഷം സതേണ്‍ ബ്രേവ്സിനെ ജയിപ്പിച്ചത്. ജയത്തോടെ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താൻ സതേണ്‍ ബ്രേവ്‌സിമായി. ഐപിഎല്‍ പോലെ ജനപ്രീതി ആര്‍ജ്ജിക്കാന്‍ കഴിയാതിരുന്ന ഇംഗ്ലണ്ടിന്‍റെ ആഭ്യന്തര ലീഗായ ഹണ്ട്രഡ് ഇപ്പോള്‍ ഐപിഎല്‍ ടീമുകളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക