ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മിന്നും ഫോം ഏകദിനത്തിലും തുടരുകയാണ് ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍. ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ അഞ്ചാമനായി ഇറങ്ങിയ താരം 64 പന്തില്‍ നിന്ന് പുറത്താകാതെ 88 റണ്‍സെടുത്തു. ആറ് സിക്‌സുകള്‍ ഗാലറിയിലെത്തിച്ചപ്പോള്‍ അതിലൊന്നിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അത് ആരാധകരെ ത്രസിപ്പിക്കുകയും ചെയ്തു. 

കെവിന്‍ പീറ്റേഴ്‌സണും എ ബി ഡിവില്ലിയേഴ്‌സും ഡേവിഡ് വാര്‍ണറും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഒക്കെ പറത്തിയിട്ടുള്ള റിവേഴ്‌സ് സ്വീപ്പ് സിക്‌സ് ഹാമില്‍ട്ടണില്‍ പരീക്ഷിക്കുകയായിരുന്നു രാഹുല്‍. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 48-ാം ഓവറില്‍ ജയിംസ് നീഷാമിന് എതിരെയാണ് രാഹുല്‍ വിസ്‌മയ സിക്‌സ് പറത്തിയത്. സിക്‌സിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. രാഹുലിന്‍റെ സാഹസികതയെയും കൃത്യതയെയും പ്രശംസിക്കുകയാണ് ആരാധകര്‍. 

കെ എല്‍ രാഹുലിന്‍റെ വെടിക്കെട്ടും ശ്രേയസ് അയ്യരുടെ സെഞ്ചുറിയും വിരാട് കോലിയുടെ അര്‍ധ സെഞ്ചുറിയും കൂടിച്ചേര്‍ന്നപ്പോള്‍ ഹാമില്‍ട്ടണില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടി. നിശ്‌ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 347 റണ്‍സെടുത്തു. ശ്രേയസ് (103), രാഹുല്‍(88*), കോലി(51), എന്നിങ്ങനെയാണ് സ്‌കോര്‍. രാഹുലിനൊപ്പം 15 പന്തില്‍ 26 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കേദാര്‍ ജാദവിന്‍റെ പ്രകടനവും ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായകമായി.