Asianet News MalayalamAsianet News Malayalam

എങ്ങനെ കയ്യടിക്കാതിരിക്കും; ആരാധകരെ അമ്പരപ്പിച്ച് രാഹുലിന്‍റെ വണ്ടര്‍ സേവ്- വീഡിയോ

സ്‌പിന്നര്‍ അക്‌സര്‍ പട്ടേലിനെ ക്രീസ് വിട്ടിറങ്ങി പറത്താനായിരുന്നു ജോസ് ബട്ട്‌ലറുടെ ശ്രമം. എന്നാല്‍ ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്‌തിരുന്ന കെ എല്‍ രാഹുല്‍ പിന്നോട്ട് പറന്ന് പന്ത് കൈക്കലാക്കി ബൗണ്ടറിക്ക് ഉള്ളിലേക്ക് തട്ടിയിട്ടു.

Watch KL Rahul Sensational Fielding Effort In India vs England 1st T20I
Author
Ahmedabad, First Published Mar 13, 2021, 4:48 PM IST

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 ടീം ഇന്ത്യ തോറ്റെങ്കിലും ഓര്‍ത്തിരിക്കാന്‍ ആരാധകര്‍ക്ക് ചില വിസ്‌മയ നിമിഷങ്ങളുണ്ടായിരുന്നു. ഇതിലൊന്ന് ബൗണ്ടറിലൈനില്‍ കെ എല്‍ രാഹുലിന്‍റെ വണ്ടര്‍ സേവായിരുന്നു. ബാറ്റിംഗില്‍ പരാജയമായെങ്കിലും ഈയൊരു ഒറ്റ നിമിഷം മതിയായി മത്സരത്തില്‍ രാഹുലിന് ആരാധകരെ കയ്യിലെടുക്കാന്‍. 

ഇന്ത്യ മുന്നോട്ടുവെച്ച 125 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന്‍റെ നാലാം ഓവറിലായിരുന്നു സംഭവം. സ്‌പിന്നര്‍ അക്‌സര്‍ പട്ടേലിനെ ക്രീസ് വിട്ടിറങ്ങി പറത്താനായിരുന്നു ജോസ് ബട്ട്‌ലറുടെ ശ്രമം. എന്നാല്‍ ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്‌തിരുന്ന കെ എല്‍ രാഹുല്‍ പിന്നോട്ട് പറന്ന് പന്ത് കൈക്കലാക്കി ബൗണ്ടറിക്ക് ഉള്ളിലേക്ക് തട്ടിയിട്ടു. ആറ് റണ്‍സ് ലക്ഷ്യമിട്ട ബട്ട്‌ലറിന്‍റെ ശ്രമം ഇതോടെ വെറും രണ്ട് റണ്‍സില്‍ ഒതുങ്ങി. 

പിന്നാലെ രാഹുലിന്‍റെ മിന്നും സേവിനെ പ്രശംസിച്ച് നിരവധി ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തി. 

മത്സരം ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് ജയിച്ചപ്പോള്‍ ബാറ്റിംഗില്‍ രാഹുല്‍ പരാജയമായി. രണ്ടാം ഓവറില്‍ തന്നെ ജോഫ്ര ആര്‍ച്ചര്‍ രാഹുലിനെ ബൗള്‍ഡാക്കി. നാല് പന്തില്‍ ഒരു റണ്‍ മാത്രമാണ് രാഹുലിന്‍റെ സമ്പാദ്യം. മുന്‍നിര തകര്‍ന്ന ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റിന് 124 റണ്‍സേ നേടിയുള്ളൂ. ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ 48 പന്തില്‍ 67 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കാത്തത്. 

ശിഖര്‍ ധവാന്‍(4), വിരാട് കോലി(0), റിഷഭ് പന്ത്(21), ഹര്‍ദിക് പാണ്ഡ്യ(19), ഷാര്‍ദുല്‍ താക്കൂര്‍(0), വാഷിംഗ്‌ടണ്‍ സുന്ദര്‍(3*). അക്‌സര്‍ പട്ടേല്‍(7*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. 125 റണ്‍സ് വിജയലക്ഷ്യം 15.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഇംഗ്ലണ്ട് നേടി. ജാസന്‍ റോയ്(49) ജോസ് ബട്ട്‌ലര്‍(28) എന്നിവര്‍ പുറത്തായപ്പോള്‍ ഡേവിഡ് മലാനും(24*), ജോണി ബെയര്‍സ്റ്റോയും(26*) ജയം ഇംഗ്ലണ്ടിന്‍റേതാക്കി. 

ഇന്ത്യന്‍ ടീമിനേക്കാള്‍ മികച്ചവര്‍ മുംബൈ ഇന്ത്യന്‍സെന്ന് വോണ്‍; കുറിക്ക് കൊള്ളുന്ന മറുപടിയുമായി വസീം ജാഫര്‍

Follow Us:
Download App:
  • android
  • ios