ആഭ്യന്തര മത്സരത്തില്‍ ക്വീന്‍സ്‌ലന്‍ഡ് താരത്തിന് ഫീല്‍ഡിംഗിനിടെ പറ്റിയ ഒരു അബദ്ധമാണ് ഇപ്പോള്‍ വലിയ ചിരിപടര്‍ത്തുന്നത്

സിഡ്‌നി: ആഷസ് ക്രിക്കറ്റിനിടെ ഓസ്‌ട്രേലിയയുടെ രക്ഷകന്‍ എന്ന പേരുനേടിയെടുത്ത താരമാണ് മാര്‍നസ് ലബുഷാനെ. രണ്ടാം ആഷസ് ടെസ്റ്റില്‍ പരുക്കേറ്റ സ്റ്റീവ് സ്‌മിത്തിന് 'കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ട്' ആയെത്തി ഇലവനില്‍ സ്ഥിര സാന്നിധ്യമായിരുന്നു താരം. ഇംഗ്ലണ്ടിനെതിരായ ലബുഷാനെയുടെ ഭയരഹിത ബാറ്റിംഗ് വലിയ കയ്യടി വാങ്ങിയത്. ഇപ്പോള്‍ വീണ്ടും മാര്‍നസ് ലബുഷാനെ വാര്‍ത്തകളില്‍ നിറയുകയാണ്.

ബാറ്റിംഗിന്‍റെ പേരിലല്ല, ആഭ്യന്തര മത്സരത്തില്‍ ക്വീന്‍സ്‌ലന്‍ഡ് താരത്തിന് ഫീല്‍ഡിംഗിനിടയില്‍ പറ്റിയ ഒരു അബദ്ധമാണ് ഇപ്പോള്‍ വലിയ ചിരിപടര്‍ത്തുന്നത്. വിക്‌ടോറിയക്കെതിരായ മത്സരത്തില്‍ 29-ാം ഓവറിലായിരുന്നു ചിരി പടര്‍ത്തിയ സംഭവം. വില്‍ സതര്‍ലന്‍ഡിന്‍റെ ഷോട്ട് ഡൈവ് ചെയ്ത് കൈക്കലാക്കിയ ലബുഷാനെ പന്ത് വിക്കറ്റ് കീപ്പര്‍ക്ക് ത്രോ നല്‍കി. ഇതോടെ ക്രീസിന് ഇഞ്ചുകള്‍ക്ക് പുറത്തുവെച്ച് ക്രിസ് ട്രെമൈന്‍റെ വിക്കറ്റ് തെറിച്ചു. 

ചിരി പടത്തിയത് ഇതൊന്നുമായിരുന്നില്ല. ത്രോ ചെയ്യുന്നതിനിടെ ലബുഷാനെയുടെ പാന്‍റ് ഊരിപ്പോയിരുന്നു. പാന്‍റ് വലിച്ചുയര്‍ത്തി ലബുഷാനെ എഴുന്നേല്‍ക്കുമ്പോള്‍ മൈതാനത്ത് ചിരി പടര്‍ന്നിരുന്നു. ലബുഷാനെക്കും ചിരി അടക്കാനായില്ല എന്നതാണ് കൗതുകം. 

View post on Instagram

മത്സരം അനായാസം ക്വീന്‍സ്‌ലന്‍ഡ് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ക്വിന്‍സ്‌ലന്‍ഡ് ഒന്‍പത് വിക്കറ്റിന് 322 റണ്‍സെടുത്തു. 126 പന്തില്‍ 138 റണ്‍സെടുത്ത നായകന്‍ ഉസ്‌മാന്‍ ഖവാജയാണ് ക്വിന്‍സ്‌ലന്‍ഡിന് കരുത്തായത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായത് വിക്‌ടോറിയക്ക് തിരിച്ചടിയായി. ആരോണ്‍ ഫിഞ്ചും വില്‍ സതര്‍ലന്‍ഡും മാത്രം പൊരുതിയപ്പോള്‍ വിക്‌ടോറിയക്ക് 168 റണ്‍സ് മാത്രമാണ് നേടാനായത്.