ആർസിബിക്കെതിരെ തകർപ്പന്‍ പ്രകടനമാണ് പന്ത് കൊണ്ട് മായങ്ക് യാദവ് പുറത്തെടുത്തത്
ബെംഗളൂരു: സാക്ഷാല്‍ ബ്രെറ്റ് ലീയും ഡെയ്‍ല്‍ സ്റ്റെയ്നും അഭിനന്ദിച്ച അതിവേഗ പേസർ. ഐപിഎല്‍ 2024 സീസണില്‍ ലഖ്നൗ സൂപ്പർ ജയന്‍റ്സിനായി കളിച്ച് 150 കിലോമീറ്ററിലേറെ വേഗമുള്ള പന്തുകളുമായി അമ്പരപ്പിക്കുകയാണ് 21 വയസ് മാത്രമുള്ള വലംകൈയന്‍ പേസർ മായങ്ക് യാദവ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ഇന്നലത്തെ മത്സരത്തില്‍ ഓസീസ് ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീനിനെ മായങ്ക് പുറത്താക്കിയത് ആർക്കും തൊടാനാവാത്ത ഒരു പന്തിലായിരുന്നു.
ആർസിബിക്കെതിരെ തകർപ്പന്‍ പ്രകടനമാണ് പന്ത് കൊണ്ട് മായങ്ക് യാദവ് പുറത്തെടുത്തത്. ഓസീസ് വെടിക്കെട്ട് വീരനായ ഗ്ലെന്‍ മാക്സ്‍വെല്ലിനെ ഉഗ്രനൊരു പന്തില്‍ മടക്കിയ മായങ്ക് പിന്നാലെ കാമറൂണ്‍ ഗ്രീനിനും അവിശ്വസനീയമായ മടക്ക ടിക്കറ്റ് നല്‍കി. ആർസിബി ഇന്നിംഗ്സിലെ എട്ടാം ഓവറിലെ നാലാം പന്തില്‍ മായങ്ക് യാദവ് തൊടുത്തുവിട്ട വേഗമുള്ള പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ഗ്രീനിന്‍റെ ഓഫ്സ്റ്റംപ് തെറിക്കുകയായിരുന്നു. ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച പന്തുകളിലൊന്നായി മാറി ഇത്. 9 പന്ത് നേരിട്ട ഗ്രീനിന് ഒരു ഫോർ സഹിതം ഒന്‍പത് റണ്‍സേ നേടാനായുള്ളൂ. കാണാം കാമറൂണ്‍ ഗ്രീനിനെ പുറത്താക്കിയ മായങ്ക് യാദവിന്‍റെ തകർപ്പന്‍ പന്ത്.
നേരത്തെ ഗ്ലെന്‍ മാക്സ്‍വെല്ലിന്‍റെ വിക്കറ്റും മായങ്ക് യാദവിനായിരുന്നു. രണ്ട് പന്തുകള്‍ ക്രീസില്‍ നിന്ന് അക്കൗണ്ട് തുറക്കുംമുമ്പ് മാക്സിയെ മായങ്ക്, നിക്കോളാസ് പുരാന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. 15-ാം ഓവറില്‍ രജത് പാടിദാറിനെ മടക്കി മായങ്ക് മൂന്ന് വിക്കറ്റ് തികച്ചു. 21 പന്തില്‍ 29 റണ്‍സാണ് പാടിദാർ സ്വന്തമാക്കിയത്. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മായങ്ക് യാദവിന്‍റെ മൂന്ന് വിക്കറ്റ് പ്രകടനം. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മായങ്ക് യാദവ് മൂന്ന് വിക്കറ്റ് പ്രകടനം കാഴ്ചവെക്കുന്നത്. പഞ്ചാബ് കിംഗ്സിനെതിരായ അരങ്ങേറ്റത്തില്‍ 27 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ട് മത്സരങ്ങളിലും മായങ്ക് യാദവ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
Read more: കിംഗാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല; ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തോല്‍വിയുടെ നാണക്കേടില്‍ കോലി
