സാക്ഷാല്‍ എംഎസ്ഡി വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ നിർദേശങ്ങള്‍ തേടുക സ്വാഭാവികമല്ലേ എന്നാണ് മറുവിഭാഗം പറയുന്നത്
ചെന്നൈ: ഐപിഎല്ലില്‍ എം എസ് ധോണി ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷം ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ആദ്യ മത്സരമായിരുന്നു ഇന്നലെ. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവായിരുന്നു നിലവിലെ ചാമ്പ്യന്‍മാരായ സിഎസ്കെയുടെ എതിരാളികള്‍. ഐപിഎല്‍ പതിനേഴാം സീസണിലെ ആദ്യ മത്സരത്തില്‍ ധോണിക്ക് പകരം യുവ ബാറ്റർ റുതുരാജ് ഗെയ്‌ക്‌വാദാണ് ചെന്നൈയെ നയിച്ചത്. എന്നാല്‍ മത്സരത്തില്‍ റുതുവിനെ കാഴ്ചക്കാരനാക്കി ധോണി ഫീല്‍ഡ് സെറ്റ് ചെയ്തതും ഉപദേശങ്ങള്‍ കൊടുത്തതും ഒരുവിഭാഗം ആരാധകർക്ക് പിടിച്ചില്ല.
റുതുരാജ് ഗെയ്‌ക്‌വാദ് ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കാന്‍ സജ്ജമാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം സിഎസ്കെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങിന്‍റെ വാക്കുകള്‍. എന്നാല്‍ ആർസിബിക്ക് എതിരായ കന്നി ക്യാപ്റ്റന്‍സി പരീക്ഷണത്തില്‍ റുതുരാജ് ഒറ്റയ്ക്കല്ല കാര്യങ്ങള്‍ തീരുമാനിച്ചത്. തന്‍റെ മുന്‍ഗാമിയും ഇതിഹാസ നായകനുമായ ധോണിയുടെ ഉപദേശങ്ങള്‍ സ്വീകരിച്ചാണ് റുതുരാജ് ഫീല്‍ഡ് ഒരുക്കിയത്. മാത്രമല്ല, ഇടയ്ക്ക് ധോണി നേരിട്ടിറങ്ങി ഫീല്‍ഡർമാർക്ക് നിർദേശങ്ങള്‍ കൊടുക്കുന്നതും കണ്ടു. എന്നാല്‍ ഇതൊന്നും ഒരു വിഭാഗം ആരാധകർക്ക് ദഹിച്ചില്ല. ആരാണ് ചെന്നൈ സൂപ്പർ കിംഗ്സിലെ ശരിക്കും ക്യാപ്റ്റന്‍ എന്നാണ് ഇവരുടെ ചോദ്യം. റുതുരാജ് ഗെയ്‌ക്‌വാദിനെ ഇങ്ങനെ പോസ്റ്റാക്കേണ്ടതില്ലായിരുന്നു എന്ന് ഇവർ വാദിക്കുന്നു.
എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട് മറ്റ് മറ്റ് ചില ആരാധകർ പറയുന്നു. സാക്ഷാല്‍ എംഎസ്ഡി വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ നിർദേശങ്ങള്‍ തേടുക സ്വാഭാവികമല്ലേ എന്നാണ് ഇവരുടെ ലൈന്‍. എന്തായാലും സിഎസ്കെയിലെ ക്യാപ്റ്റന്‍സി കൈമാറ്റത്തിന് പിന്നാലെ നടന്ന ആദ്യ മത്സരത്തിലെ കാഴ്ചകള്‍ ആരാധകരുടെ പോരിലാണ് കാര്യങ്ങളെത്തിച്ചത്. ധോണി ഫീല്‍ഡ് സെറ്റ് ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനകം വൈറലാണ്. ചെന്നൈ സൂപ്പർ കിംഗ്സിന് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ സമ്മാനിച്ച നായകനാണ് എം എസ് ധോണി.
Read more: തല മാറിയിട്ടും ചെപ്പോക്കില്‍ ചെന്നൈ തന്നെ കിങ്, ആര്‍സിബിയെ വീഴ്ത്തിയത് ആറ് വിക്കറ്റിന്
