സിഡ്‌നി: വ്യത്യസ്തമായ വിക്കറ്റാഘോഷത്തിന്‍റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ താരം തബ്രൈസ് ഷംസി അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിക്കറ്റെടുത്ത ശേഷം കാണികളെ നോക്കി മാജിക്ക് കാട്ടുകയായിരുന്നു ഷംസി. മറ്റൊരു വിക്കറ്റാഘോഷം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നല്ല, ഓസ്‌ട്രേലിയയില്‍ നിന്നാണ് ഈ ആഘോഷം. 

ബിഗ് ബാഷ് ടി20 ലീഗില്‍ വിക്കറ്റെടുത്ത ശേഷം വായുവില്‍ മലക്കംമറിഞ്ഞായിരുന്നു അഫ്‌ഗാനില്‍ നിന്നുള്ള താരത്തിന്‍റെ ആഘോഷം. ഹൊബാര്‍ട്ട് ഹറികെയ്‌ന്‍സും സിഡ്‌നി സിക്‌സേര്‍സും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം. ഹെബാര്‍ട്ടിന്‍റെ 19കാരനായ ലെഗ്‌സ്‌പിന്നര്‍ ഖൈസ് അഹ്‍മദ് ഇംഗ്ലീഷ് താരം ടോം കറന്‍റെ സ്‌റ്റംപ് തെറിപ്പിച്ചു. ഉടനെ മൈതാനത്ത് മലക്കം മറിഞ്ഞ് വിക്കറ്റ് വമ്പന്‍ ആഘോഷമാക്കി. 

ഇവിടംകൊണ്ട് തീര്‍ന്നില്ല. നാല് ഓവര്‍ എറിഞ്ഞ ഖൈസ് വെറും 12 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി. ഇതോടെ സിഡ്‌നി സിക്‌സേഴ്‌സ് 18.5 ഓവറില്‍ 104 റണ്‍സില്‍ പുറത്താവുകയും ഹറികെയ്‌ന്‍സ് 25 റണ്‍സിന് വിജയിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്‌ത ഹറികെയ്‌ന്‍സ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 129 റണ്‍സാണ് നേടിയത്. 40 പന്തില്‍ 51 റണ്‍സെടുത്ത ഡാര്‍സി ഷോര്‍ട്ടിന് മാത്രമാണ് തിളങ്ങാനായത്.