വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഗംഭീര ജയം സമ്മാനിച്ചവരില്‍ ഒരാള്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയാണ്. രണ്ടാം ഇന്നിംഗ്‌സില്‍ 32 പന്തില്‍ 40 റണ്‍സെടുത്ത താരം നാല് വിക്കറ്റുകളും പിഴുതു. ജഡേജ നേടിയ നാലില്‍ മൂന്ന് വിക്കറ്റുകളും എല്‍ബിയില്‍ നിന്നായിരുന്നു. മറ്റൊന്നാവട്ടെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലും.

ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് താനെന്ന് വീണ്ടും തെളിയിക്കുകയായിരുന്നു ജഡേജ. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിലെ 27-ാം ഓവറിലെ ആദ്യ പന്തില്‍ ഏയ്‌ഡന് മര്‍ക്രാമാണ് ജഡേജയുടെ റിട്ടേണ്‍ ക്യാച്ചില്‍ പുറത്തായത്. ഇതേ ഓവറില്‍ വെര്‍നോണ്‍ ഫിലാന്‍ഡര്‍, കേശവ് മഹാരാജ് എന്നിവരെയും ഇതേ ഓവറില്‍ ജഡേജ പുറത്താക്കി. നാല്, അഞ്ച് പന്തുകളിലായിരുന്നു ഈ വിക്കറ്റുകള്‍.

ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയപ്പോള്‍ മത്സരം ഇന്ത്യ 203 റണ്‍സിന് വിജയിച്ചു. വിജയലക്ഷ്യമായ 395 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 191 റണ്‍സില്‍ പുറത്തായി. ടെസ്റ്റിലാദ്യമായി ഓപ്പണറായി ഇറങ്ങി രണ്ടിംഗ്‌സിലും സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെയും ഇരട്ട സെഞ്ചുറി വീരന്‍ മായങ്ക് അഗര്‍വാളിന്‍റെയും ബാറ്റിംഗും ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ- മുഹമ്മദ് ഷമി ത്രയത്തിന്‍റെ ബൗളിംഗ് തേര്‍വാഴ്‌ച്ചയുമാണ് ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചത്. സ്‌കോര്‍: ഇന്ത്യ- 502/7, 323/4. ദക്ഷിണാഫ്രിക്ക- 431/10, 191/10. 

രണ്ടാം ഇന്നിംഗ്‌സില്‍ 10.5 ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ഷമിയുടെ അഞ്ച് വിക്കറ്റ്. ജഡേജ നാലും അശ്വിന്‍ ഒരു വിക്കറ്റും വീഴ്‌ത്തി. രണ്ടിംഗ്‌സിലും ശതകം നേടിയ(176, 127) രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ് മാച്ച്. ആദ്യ ഇന്നിംഗ്‌സിലെ അശ്വിന്‍റെ ഏഴ് വിക്കറ്റും ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കിയ മായങ്ക് അഗര്‍വാളിന്‍റെ ഇന്നിംഗ്‌സും(215) ശ്രദ്ധേയമായി.