Asianet News MalayalamAsianet News Malayalam

ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; രവീന്ദ്ര ജഡേജ ബൗളിംഗ് ആരംഭിച്ചു

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വലത് മുട്ടിന് പരിക്കേറ്റ ശേഷം രവീന്ദ്ര ജഡേജയ്ക്ക് കളിക്കാനായിട്ടില്ല

Watch Ravindra Jadeja started bowling in National Cricket Academy Bengaluru after injury
Author
First Published Jan 20, 2023, 6:10 PM IST

ബെംഗളൂരു: പരിക്ക് കാരണം വിശ്രമത്തിലായിരുന്ന ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലനത്തിന്‍റെ ദൃശ്യങ്ങൾ ജഡേജ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. രഞ്ജി ട്രോഫിയിൽ 24ന് തുടങ്ങുന്ന സൗരാഷ്‍ട്രയുടെ അവസാന മത്സരത്തിൽ ജഡേജ കളിക്കും. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ജഡേജയെ ഉൾപ്പെടുത്തിയെങ്കിലും ഫിറ്റ്നസ് ഉറപ്പാക്കിയ ശേഷമെ മത്സരിപ്പിക്കൂവെന്ന് ടീം നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വലത് കാല്‍മുട്ടിന് പരിക്കേറ്റ ശേഷം രവീന്ദ്ര ജഡേജയ്ക്ക് കളിക്കാനായിട്ടില്ല. കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ജഡേജ വിധേയനായിരുന്നു. പിന്നാലെ നടന്ന ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും എതിരായ പരമ്പരകളില്‍ ജഡേജയെ പരിഗണിച്ചിരുന്നില്ല. ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തും മുമ്പ് രഞ്ജി കളിച്ച് മികവ് കാട്ടാന്‍ ജഡേജയോട് നിര്‍ദേശിക്കുകയായിരുന്നു. ഓസ്ട്രേലിയ്‌ക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഏറെ നിര്‍ണായകമായതിനാല്‍ ജഡേജയെ പൂര്‍ണ ഫിറ്റ്‌നസില്‍ ടീമിനാവശ്യമുണ്ട്. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. 

ഓസീസിനെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ട് കളികള്‍ക്കുള്ള 17 അംഗ സ്‌ക്വാഡിനെ കഴിഞ്ഞ വെള്ളിയാഴ്‌ച സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ ജഡേജയേയും ഉള്‍പ്പെടുത്തുകയായിരുന്നു. പൂര്‍ണ ആരോഗ്യവാനാണ് എന്ന് ദേശീയ ക്രിക്കറ്റ് അക്കാഡമി വ്യക്തമാക്കിയാല്‍ മാത്രമേ ജഡേജയെ കളിപ്പിക്കുകയുള്ളൂ. ഫെബ്രുവരി 9ന് നാഗ്‌പൂരിലാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 17ന് ഡല്‍ഹിയില്‍ തുടങ്ങും.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേ‌വ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്. 

ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ്; ബുമ്രക്ക് മുന്നില്‍ ഇരട്ട അഗ്‌നിപരീക്ഷ

Follow Us:
Download App:
  • android
  • ios