വിദേശ പര്യടനങ്ങളിൽ ഇന്ത്യൻ താരങ്ങളിൽ പലരും തെറ്റായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാഭ ജഡേജ. എന്നാൽ തൻ്റെ ഭർത്താവ് ഇത്തരം കാര്യങ്ങളിൽ നിന്ന് ബോധപൂർവം വിട്ടുനിൽക്കാറുണ്ടെന്നും റിവാബ.
രാജ്കോട്ട്: വിദേശ പരമ്പരകള്‍ക്കായി പോകുന്ന ഇന്ത്യൻ താരങ്ങളില്‍ പലരും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് മന്ത്രിയുമായ റിവാഭ ജഡേജ. എന്നാല്‍ തന്‍റെ ഭര്‍ത്താവായ രവീന്ദ്ര ജഡേജ ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും റിവാബ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.
രവീന്ദ്ര ജഡേജയുടെയും സത്യസന്ധതയെയും ആത്മാര്‍ത്ഥതയെയും പുകഴ്ത്തിയാണ് റിവാബ സംസാരം തുടങ്ങിയത്. വിദേശ പരമ്പരകളില്‍ കളിക്കാനായി ലണ്ടന്‍, ദുബായ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെല്ലാം ജഡേജ പതിവായി പോവാറുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ പോകുമ്പോഴെല്ലാം മോശമായ പലകാര്യങ്ങളില്‍ നിന്നും ജഡേജ ബോധപൂര്‍വം അകലം പാലിക്കാറുണ്ട്. എന്നാല്‍ മിറ്റ് ചില താരങ്ങള്‍ അങ്ങനെയല്ല. അവരില്‍ പലരും തെറ്റായ കാര്യങ്ങള്‍ ചെയ്യാറുണ്ട്. തന്‍റെ അനുമതിയില്ലെങ്കിലും രവീന്ദ്രക്കും വേണമെങ്കില്‍ ഇത്തരത്തില്‍ വഴിതെറ്റാനുള്ള അവസരം ഉണ്ടെങ്കിലും അദ്ദേഹം ഒരിക്കലും അത് ചെയ്യില്ല. കാരണം അദ്ദേഹത്തിന് പ്രഫഷണല്‍ കളിക്കാരനെന്ന നിലയിലുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ വിദേശപരമ്പകളില്‍ അദ്ദഹേം നെഗറ്റീവായ പലകാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാറുണ്ടെന്നും റിവാബ പറഞ്ഞു.
ഏതൊക്കെ ഇന്ത്യൻ താരങ്ങളാണ് ഇത്തരത്തില്‍ തെറ്റായ വഴിയിലൂടെ പോയതെന്ന് റിവാബ വ്യക്തമാക്കിയില്ലെങ്കിലും പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശമനമാണ് ഉയര്‍ന്നത്. ജഡേജയൊഴികെ മറ്റ് താരങ്ങളെയെല്ലാം സംശയമുനയില്‍ നിര്‍ത്തുന്നതാണ് റിവാബയുടെ പ്രസ്താവന എന്നാണ് വിലയിരുത്തല്‍. ഏതൊക്കെ താരങ്ങളാണ് ഇത്തരത്തില്‍ തെറ്റായ വഴിയിലൂടെ പോകുന്നതെന്ന് റിവാബ തെളിച്ചു പറയണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.
അടുത്തിടെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്ന് രവീന്ദ്ര ജഡേജ രാജസ്ഥാന്‍ റോയല്‍സിലെത്തിയിരുന്നു. രാജസ്ഥാനില്‍ നിന്ന് ചെന്നൈ മലയാളി താരം സഞ്ജു സാംസണെ സ്വന്തമാക്കിയതിന് പകരമാണ് 14 കോടി രൂപക്ക് ജഡേജ രാജസ്ഥാനിലെത്തിയത്.


