അണ്ടർ 19 ഏഷ്യാ കപ്പ് ഏകദിന ടൂര്‍ണമെന്‍റില്‍ യുഎഇക്കെതിരെ ഇന്ത്യയുടെ വൈഭവ് സൂര്യന്‍ഷിക്ക് വെടിക്കെട്ട് സെഞ്ചുറി. 56 പന്തില്‍ സെഞ്ചുറി തികച്ച വൈഭവിനൊപ്പം മലയാളി താരം ആരോണ്‍ ജോര്‍ജ് അര്‍ധസെഞ്ചുറിയുമായി മികച്ച പിന്തുണ നൽകി. 

ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് ഏകദിന ടൂര്‍ണമെന്‍റില്‍ യുഎഇക്കെതിരെ വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യന്‍ഷി. 56 പന്തില്‍ സെഞ്ചുറി തികച്ച വൈഭവിന്‍റെയും അര്‍ധസെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജിന്‍റെയും ബാറ്റിംഗ് മികവില്‍ യുഎഇക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 25 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 204 റൺസെടുത്തിട്ടുണ്ട്.

72 പന്തില്‍ 130 റണ്‍സുമായി വൈഭവും 67 പന്തില്‍ 64 റണ്‍സുമായി ആരോണ്‍ ജോര്‍ജും ക്രീസില്‍. നാലു റണ്‍സെടുത്ത ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 12 സിക്സും അഞ്ച് ഫോറും ഇതുവരെ വൈഭവ് അടിച്ചുകൂട്ടിയിട്ടുണ്ട്. 57 പന്തിലാണ് കോട്ടയം സ്വദേശിയായ ആരോണ്‍ ജോര്‍ജ് അര്‍ധശതകം തികച്ചത്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വൈഭവും ആരോണ്‍ ജോര്‍ജ്ജും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 133 പന്തില്‍ 196 റണ്‍സടിച്ച് ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചു.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: ആയുഷ് മാത്രെ (ക്യാപ്റ്റൻ),വൈഭവ് സൂര്യവൻഷി,ആരോൺ ജോർജ്,വിഹാൻ മൽഹോത്ര,വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു, ഖിലാൻ പട്ടേൽ,ദീപേഷ് ദേവേന്ദ്രൻ,കിഷൻ കുമാർ സിംഗ്,ഹെനിൽ പട്ടേൽ,കനിഷ്ക് ചൗഹാൻ.

യുഎഇ പ്ലേയിംഗ് ഇലവന്‍: യായിൻ റായ് (ക്യാപ്റ്റൻ),അയാൻ മിസ്ബ,അഹമ്മദ് ഖുദാദാദ്,ശാലോം ഡിസൂസ,പൃഥ്വി മധു,നൂറുള്ള അയോബി,സാലിഹ് അമീൻ (Wk),ഉദ്ദിഷ് സൂരി,അലി അസ്ഗർ ഷംസ്,യുഗ് ശർമ്മ, മുഹമ്മദ് റയാൻ ഖാൻ.