റണ്ണിനായി ഓടുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്നും റണ്‍ ഓടിയെടുക്കാമായിരുന്നെന്നും ഗില്ലിനോട് രോഹിത് ആംഗ്യം കാണിക്കുന്നതും ദേഷ്യമത്രയും പ്രകടിപ്പിക്കുന്നതും ടെലിവിഷന്‍ റിപ്ലേകളില്‍ കാണാമായിരുന്നു

മൊഹാലി: ഇത്ര ദയനീയമായി സ്കൂള്‍ കുട്ടികള്‍ പോലും പുറത്താവാന്‍ സാധ്യത കുറവാണ്! അഫ്‌ഗാനിസ്ഥാനെതിരെ മൊഹാലിയിലെ ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യന്‍ ഓപ്പണറും ക്യാപ്റ്റനുമായ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് അങ്ങനെയായിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ ശുഭ്‌മാന്‍ ഗില്ലുമായുള്ള ഓട്ടത്തിനിടയിലെ ആശയക്കുഴപ്പില്‍ രോഹിത് പൂജ്യത്തില്‍ റണ്ണൗട്ടായി. അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായതിന് പിന്നാലെ ഗില്ലിനെ നിര്‍ത്തിപ്പൊരിച്ചാണ് ഹിറ്റ്‌മാന്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. എന്നാല്‍ സ്വന്തം തെറ്റിന് ഗില്ലിനെ ബലിയാടാക്കുകയാണ് രോഹിത് ശര്‍മ്മ ചെയ്തത് എന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു.

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാന്‍ 159 റണ്‍സാണ് ടീം ഇന്ത്യക്ക് മുന്നില്‍ വിജയലക്ഷ്യം വച്ചുനീട്ടിയത്. ഫസല്‍ഹഖ് ഫറൂഖിയുടെ ഒന്നാം ഓവറിലെ ആദ്യ പന്തില്‍ രോഹിത് റണ്ണൊന്നും നേടിയില്ല. രണ്ടാം പന്തില്‍ ക്രീസ് വിട്ടിറങ്ങിയ രോഹിത് മിഡ് ഓഫിലേക്ക് ഷോട്ട് കളിച്ചു. എന്നാല്‍ ബൗണ്ടറിക്ക് അനുവദിക്കാതെ ഇബ്രാഹിം സദ്രാന്‍ പറന്ന് പന്ത് പിടിച്ചു. ഗില്‍ ഈസമയം നോണ്‍സ്ട്രൈക്കറുടെ ക്രീസ് വിട്ട് അധികം പുറത്തേക്ക് പോയിരുന്നില്ല. ഓടണ്ട എന്ന് ഗില്‍ ആംഗ്യം കാണിക്കുകയും ചെയ്തു. പക്ഷേ രോഹിത് ഓട്ടം പൂര്‍ത്തിയാക്കി നോണ്‍സ്ട്രൈക്കറുടെ ക്രീസില്‍ എത്തിയപ്പോള്‍ ഗില്ലാവട്ടെ അവിടെതന്നെ നില്‍പുണ്ടായിരുന്നു. മിഡ് ഓഫില്‍ പറന്ന് പന്ത് പിടിച്ച ഇബ്രാഹിം സദ്രാന്‍ ത്രോ അഫ്‌ഗാന്‍ വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എറിഞ്ഞുകൊടുത്തപ്പോള്‍ തിരികെ സ്ട്രൈക്കറുടെ ക്രീസിലേക്ക് ഓടുക മാത്രമായി രോഹിത്തിന് മുന്നിലുള്ള വഴി. എന്നാല്‍ തിരികെയോട്ടം പാതിവഴിയില്‍ എത്തുംമുമ്പേ ഹിറ്റ്‌മാന്‍റെ ബെയ്‌ല്‍സ് ഗുര്‍ബാസ് തെറിപ്പിക്കുകയും ചെയ്തു.

ഇതോടെ അപ്രതീക്ഷിത പുറത്താവലിന്‍റെ ഞെട്ടലില്‍ ശുഭ്‌മാന്‍ ഗില്ലിനോട് കയര്‍ത്താണ് രോഹിത് ശര്‍മ്മ ഡ്രസിംഗ് റൂമിലേക്ക് യാത്രയായത്. റണ്ണിനായി ഓടുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്നും റണ്‍ ഓടിയെടുക്കാമായിരുന്നെന്നും ഗില്ലിനോട് രോഹിത് ആംഗ്യം കാണിക്കുന്നതും ദേഷ്യമത്രയും പ്രകടിപ്പിക്കുന്നതും ടെലിവിഷന്‍ റിപ്ലേകളില്‍ കാണാമായിരുന്നു. എന്നാല്‍ റണ്ണൗട്ടില്‍ രോഹിത്തിന്‍റെ ഭാഗത്താണ് വീഴ്ച സംഭവിച്ചത് എന്ന് പല ആരാധകരും ചൂണ്ടിക്കാണിക്കുന്നു. രോഹിത് നാടകീയമായി പുറത്താവുന്നതിന്‍റെ ദൃശ്യങ്ങള്‍ ചുവടെ കാണാം. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

Read more: മുഹമ്മദ് നബി വെടിക്കെട്ട്; തണുപ്പന്‍ തുടക്കത്തിന് ശേഷം ഇന്ത്യക്കെതിരെ അഫ്‌ഗാന് സുരക്ഷിത സ്കോര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം