തണുത്ത മൊഹാലിയില്‍ തണുപ്പന്‍ കളിയോടെ തുടങ്ങിയ അഫ്ഗാനിസ്ഥാനെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് രക്ഷിച്ചത് 

മൊഹാലി: മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ട്വന്‍റി 20യില്‍ അഫ്‌ഗാനിസ്ഥാനെതിരെ ടീം ഇന്ത്യക്ക് 159 റണ്‍സ് വിജയലക്ഷ്യം. തണുത്ത തുടക്കത്തിന് ശേഷം മുഹമ്മദ് നബി-അസ്മത്തുള്ള ഒമര്‍സായി സഖ്യത്തിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിടിച്ചുകയറിയ സന്ദര്‍ശകര്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കുകയായിരുന്നു. 27 പന്തില്‍ 42 റണ്‍സെടുത്ത മുഹമ്മദ് നബിയാണ് അഫ്‌ഗാന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി അക്സര്‍ പട്ടേലും മുകേഷ് കുമാറും രണ്ട് വീതവും ശിവം ദുബെ ഒരു വിക്കറ്റും നേടി. 

തണുപ്പന്‍ തുടക്കം

മൊഹാലിയിലെ കൊടുംതണുപ്പില്‍ അഫ്‌ഗാനിസ്ഥാന്‍ സാവധാനമാണ് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ച് തുടങ്ങിയത്. ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും പതിയെ സ്കോര്‍‌ബോര്‍ഡ് ചൂടുപിടിച്ച് എട്ടാം ഓവറില്‍ ടീമിനെ 50 റണ്‍സിലെത്തിച്ചു. എന്നാല്‍ സ്‌പിന്നര്‍ അക്‌സര്‍ പട്ടേലിന്‍റെ ഈ ഓവറിലെ അവസാന പന്തില്‍ ഗുര്‍ബാസിനെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ സ്റ്റംപ് ചെയ്തു. ഗുര്‍ബാസിന് 28 പന്തില്‍ 23 റണ്‍സേയുണ്ടായിരുന്നുള്ളൂ. തന്‍റെ ആദ്യ ഓവര്‍ എറിയാനെത്തിയ ശിവം ദുബെ അഫ്‌ഗാന്‍ ക്യാപ്റ്റന്‍ കൂടിയായ സദ്രാനെ (22 പന്തില്‍ 25) രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. അഫ്‌ഗാന്‍റെ ഇരു ഓപ്പണര്‍മാരും രണ്ട് വീതം ഫോറും ഓരോ സിക്‌സുമേ നേടിയുള്ളൂ. തൊട്ടടുത്ത ഓവറിലെ അവസാന പന്തില്‍ ടി20 അരങ്ങേറ്റക്കാരന്‍ റഹ്‌മത്ത് ഷായെ (6 പന്തില്‍ 3) അക്‌സര്‍ ബൗള്‍ഡാക്കിയതോടെ അഫ്‌ഗാന്‍ 9.6 ഓവറില്‍ 57-3. 

നബി-ഒമര്‍സായ് പ്രഹരം

ഇതിന് ശേഷം നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ അസ്മത്തുള്ള ഒമര്‍സായും മുഹമ്മദ് നബിയും ബൗണ്ടറികളുമായി അഫ്‌ഗാനിസ്ഥാനെ 15-ാം ഓവറിലെ മൂന്നാം പന്തില്‍ 100 കടത്തി. അര്‍ധസെഞ്ചുറി കൂട്ടുകെട്ടിന് പിന്നാലെ മുകേഷ് കുമാറിനെ ശിക്ഷിച്ച് നബി അഫ്‌ഗാന് ആത്മവിശ്വാസമേകി. 68 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് 18-ാം ഓവറിലെ ആദ്യ പന്തില്‍ മുകേഷ് തന്നെ പൊളിച്ചു. 22 പന്തില്‍ 29 റണ്‍സുമായി ഒമര്‍സായ് മടങ്ങുകയായിരുന്നു. മുകേഷിന്‍റെ 18-ാം ഓവറിലെ അവസാന പന്തില്‍ നബി (27 പന്തില്‍ 42) റിങ്കു സിംഗിന്‍റെ പറക്കും ക്യാച്ചില്‍ മടങ്ങിയതോടെ ഇന്ത്യ പിടിമുറുക്കി. എങ്കിലും അര്‍ഷ്‌ദീപ് സിംഗിന്‍റെ അവസാന ഓവറില്‍ 18 റണ്‍സ് അടിച്ച് നജീബുള്ള സദ്രാന്‍ (11 പന്തില്‍ 19*), കരീം ജനാത് (5 പന്തില്‍ 9*) എന്നിവര്‍ അഫ്‌ഗാനെ സുരക്ഷിത സ്കോറിലെത്തിച്ചു.

ടോസ് വിശേഷം

മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും സ്‌പിന്നര്‍ കുല്‍ദീപ് യാദവും പേസര്‍ ആവേഷ് ഖാനും ഇന്ത്യന്‍ നിരയില്‍ കളിക്കുന്നില്ല. മൂന്ന് സ്‌പിന്നര്‍മാരും രണ്ട് സ്പെഷ്യലിസ്റ്റ് പേസര്‍മാരുമായാണ് ടീം ഇന്ത്യ ഫീല്‍ഡിംഗിനിറങ്ങിയത്. മൂന്ന് ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യമാണ് മറ്റൊരു ശ്രദ്ധേയ കാര്യം. ഓള്‍റൗണ്ടര്‍ ദുബെ ആറാം ബൗളറായപ്പോള്‍ ജിതേഷ് ശര്‍മ്മയാണ് സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിഞ്ഞത്. 

പ്ലേയിംഗ് ഇലവനുകള്‍

ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, തിലക് വര്‍മ്മ, ശിവം ദുബെ, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍.

അഫ്‌ഗാന്‍: റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്‌മത്ത് ഷാ, അസ്മത്തുള്ള ഒമര്‍സായ്, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നൈബ്, കരീം ജനാത്, ഫസല്‍ഹഖ് ഫറൂഖി, നവീന്‍ ഉള്‍ ഹഖ്, മുജീബ് ഉര്‍ റഹ്‌മാന്‍. 

Read more: മോഹിപ്പിച്ച് സഞ്ജു സാംസണെ പുറത്താക്കി, ജയ്സ്വാള്‍ കളിക്കാഞ്ഞിട്ടും അവസരമില്ല, ചതിയിത്; ആഞ്ഞടിച്ച് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം