ട്വന്‍റി 20 ഫോര്‍മാറ്റില്‍ ഹിറ്റ്‌മാനിസം അവസാനിച്ചിട്ടില്ല, ആരാധകര്‍ക്ക് സൂചനയുമായി രോഹിത് ശര്‍മ്മ
ന്യൂയോര്‍ക്ക്: ടീം ഇന്ത്യ സെമിയില്‍ തോറ്റ് പുറത്തായ 2022ലെ ട്വന്‍റി 20 ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ രോഹിത് ശര്‍മ്മ കളിച്ചിട്ടില്ല. രോഹിത്തിനൊപ്പം റണ്‍മെഷീന്‍ വിരാട് കോലിയും നിലവില്‍ ഇന്ത്യന്‍ ടി20 ടീമില്‍ അംഗമല്ല. അടുത്ത വര്‍ഷം നടക്കുന്ന ട്വന്‍റി 20 ലോകകപ്പ് മുന്‍നിര്‍ത്തി ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തില്‍ യുവ ടീമിനെ ഒരുക്കുകയാണ് ടീം ഇന്ത്യയുടെ സെലക്‌ടര്‍മാര്‍. ഇതോടെ രോഹിത്തിന്‍റെയും കോലിയുടേയും രാജ്യാന്തര ട്വന്‍റി 20 കരിയര്‍ അവസാനിച്ചു എന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ രോഹിത് ഒടുവിലായി നല്‍കുന്ന സൂചന താരം ടി20 ടീമിലേക്ക് മടങ്ങിയെത്തും എന്നാണ്.
വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പര നേടിയ ശേഷം അമേരിക്കയില്‍ നടന്ന ഒരു പ്രെമോഷണല്‍ പരിപാടിയില്‍ വച്ചാണ് രോഹിത് ശര്‍മ്മ ഇന്ത്യന്‍ കുപ്പായത്തില്‍ ട്വന്‍റി 20യിലെ ഭാവിയെ കുറിച്ച് മനസുതുറന്നത്. 'വെറുതെ വന്ന് അടിച്ചുപൊളിക്കുന്നത് കൂടാതെ മറ്റൊരു കാരണം കൂടി അമേരിക്കയിലേക്ക് വരാനായി ഉണ്ടായിരുന്നു. ജൂണില്‍ ലോകകപ്പ് ഇവിടെ വരുന്നതായി നിങ്ങള്‍ക്കറിയാം. അതിന്‍റെ ആകാംക്ഷയിലാണ് ഏവരും എന്നുറപ്പാണ്. ലോകകപ്പിനായി ഞങ്ങളും കാത്തിരിക്കുകയാണ്' എന്നാണ് രോഹിത്തിന്‍റെ വാക്കുകള്‍. ഇതോടെ അടുത്ത ട്വന്‍റി 20 ലോകകപ്പ് രോഹിത് ശര്‍മ്മ കളിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന് എതിരായ അഞ്ച് ടി20കളുടെ പരമ്പരയില്‍ രോഹിത് ശര്‍മ്മയ്‌ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. പകരം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ ലോകകപ്പിന് ശേഷം ഹാര്‍ദിക്കാണ് ട്വന്‍റി 20 ക്യാപ്റ്റന്‍. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയായി പാണ്ഡ്യ ക്യാപ്റ്റന്‍സി ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്. വര്‍ക്ക് ലോഡ് മാനേജ്‌മെന്‍റിന്‍റെ ഭാഗമായാണോ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാനാണോ രോഹിത് ശര്‍മ്മയെയും വിരാട് കോലിയേയും ട്വന്‍റി 20യില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് എന്ന് ബിസിസിഐ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. വിന്‍ഡീസിന് എതിരായ ആദ്യ ടി20 ഇന്ത്യ 4 റണ്‍സിന് തോറ്റതോടെ രോഹിത്, കോലി എന്നിവരുടെ ടീമിലെ പ്രാധാന്യം ആരാധകര്‍ എടുത്തുപറഞ്ഞിരുന്നു.
Read more: കണക്കുകള്‍ കനത്തത്; രണ്ടാം ട്വന്‍റി 20യില്‍ ഇന്ത്യക്ക് ഭീഷണിയായി വിന്‍ഡീസ് വെടിക്കെട്ട് വീരന്‍
