60 പന്തില്‍ ഹിറ്റ്‌മാന്‍ 7 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 43 റണ്‍സ് പേരിലാക്കിയാണ് മടങ്ങിയത്
ഓവല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ട്രേഡ് മാര്‍ക്ക് പുള്‍ ഷോട്ട് സിക്‌സര്‍ ഓവലിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും. ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് എതിരെയാണ് ഹിറ്റ്‌മാന്‍ തകര്‍പ്പന്‍ ഷോട്ട് കളിച്ചത്. അതും തന്‍റെ ആദ്യ ഓവര്‍ എറിയാനായി വന്ന സ്റ്റാര്‍ക്കിനെ നേരിട്ട രണ്ടാം പന്തില്‍ തന്നെ അതിര്‍ത്തിക്ക് മുകളിലൂടെ 74 മീറ്റര്‍ ദൂരേക്ക് പറത്തിയായിരുന്നു ഹിറ്റ്‌മാന്‍ ഷോ. രോഹിത്തിനെ കുരുക്കാന്‍ ഷോട്ട് പിച്ച് പന്ത് എറിഞ്ഞ് നോക്കിയ സ്റ്റാര്‍ക്കിന്‍റെ പദ്ധതി പാളുകയായിരുന്നു. രോഹിത് ശര്‍മ്മയുടെ ഏറ്റവും ഫേവറൈറ്റ് ഷോട്ടായി വിശേഷിപ്പിക്കപ്പെടുന്നതാണ് പുള്‍ ഷോട്ടിലൂടെയുള്ള സിക്‌സറുകള്‍.
മത്സരത്തിലെ രണ്ടാം ഇന്നിംഗ്‌സില്‍ 444 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ശുഭ്‌മാന്‍ ഗില്ലിനെ തുടക്കത്തിലെ നഷ്‌ടമായെങ്കിലും രോഹിത് ശര്‍മ്മയും മൂന്നാമന്‍ ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കാന്‍ ശ്രമിച്ചു. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 92-2 എന്ന നിലയിലാണ് ടീം ഇന്ത്യ. ഓസീസ് സ്കോറിനേക്കാള്‍ 351 റണ്‍സ് പിന്നിലാണ് ഇന്ത്യന്‍ ടീം ഇപ്പോഴും. സ്കോട്ട് ബോളണ്ടിന്‍റെ പന്തില്‍ സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിന്‍റെ വിവാദ ക്യാച്ചിലൂടെയായിരുന്നു ശുഭ്‌മാന്‍ ഗില്‍ പുറത്തായത്. 19 പന്തില്‍ രണ്ട് ഫോര്‍ സഹിതം 18 റണ്‍സാണ് ഗില്ലിന്‍റെ സമ്പാദ്യം. ക്യാച്ച് പൂര്‍ത്തിയാക്കവേ പന്ത് ഗ്രീനിന്‍റെ കയ്യില്‍ നിന്ന് മൈതാനത്ത് മുട്ടിയോ എന്ന സംശയമാണ് വിവാദത്തിന് വഴിവെച്ചത്. സ്‌പിന്നര്‍ നേഥന്‍ ലിയോണിന് മുന്നില്‍ എല്‍ബിയിലൂടെയായിരുന്നു രോഹിത്തിന്‍റെ മടക്കം. 60 പന്തില്‍ ഹിറ്റ്‌മാന്‍ 7 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 43 റണ്‍സ് പേരിലാക്കി.
നേരത്തെ, രണ്ടാം ഇന്നിംഗ്‌സില്‍ 8 വിക്കറ്റിന് 270 റണ്‍സ് എന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്‌ത് ഓസീസ് ഇന്ത്യക്ക് മുന്നില്‍ 444 റണ്‍സിന്‍റെ വിജയലക്ഷ്യം വച്ചുനീട്ടുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍(1), ഉസ്‌മാന്‍ ഖവാജ(13), സ്റ്റീവ് സ്‌മിത്ത്(34), ട്രാവിസ് ഹെഡ്(18), മാര്‍നസ് ലബുഷെയ്‌ന്‍(41), കാമറൂണ്‍ ഗ്രീന്‍(25), മിച്ചല്‍ സ്റ്റാര്‍ക്ക്(41), പാറ്റ് കമ്മിന്‍സ്(5) എന്നിവരുടെ വിക്കറ്റുകള്‍ നാലാം ദിനം ഓസീസിന് നഷ്‌ടമായപ്പോള്‍ അലക്‌സ് ക്യാരി 105 പന്തില്‍ 8 ഫോറുകള്‍ സഹിതം 66* റണ്‍സുമായി പുറത്താവാതെ നിന്നു. ഇന്ത്യക്കായി സ്‌പിന്നര്‍ രവീന്ദ്ര ജഡേജ മൂന്നും പേസര്‍മാരായ ഉമേഷ് യാദവും മുഹമ്മദ് ഷമിയും രണ്ട് വീതവും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റ് നേടി. നേരത്തെ ഓസ്‌ട്രേലിയയുടെ 469 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 269 റണ്‍സില്‍ പുറത്തായിരുന്നു.
Read more: മോതിരം കൈമാറി ചുംബിച്ചു; ഓവലില്‍ ഫൈനലിനിടെ പ്രൊപോസ് ചെയ്‌ത് കമിതാക്കള്‍- ചിത്രങ്ങള്‍ വൈറല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
