സ്‌പിന്നര്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ നേപ്പാള്‍ നായകന്‍ രോഹിത് പൗഡലിനെയാണ് സ്ലിപ്പില്‍ രോഹിത് ശര്‍മ്മ പിടികൂടിയത്

പല്ലെക്കെലെ: ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ ക്യാച്ച് പാഴാക്കാന്‍ മത്സരിക്കുകയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ അഞ്ച് ഓവറിനിടെ മൂന്ന് തവണയാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ കൈകള്‍ ചോര്‍ന്നത്. ശ്രേയസ് അയ്യര്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍ എന്നിവര്‍ ക്യാച്ചുകള്‍ പാഴാക്കി. തകര്‍പ്പന്‍ ഫീല്‍ഡറായ കോലി അനായാസമായ പന്താണ് നിലത്തിട്ടത്. ഏകദിന ലോകകപ്പ് അടുത്തിരിക്കെയുള്ള ഇന്ത്യന്‍ താരങ്ങളുടെ 'കൈവിട്ട കളി' രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്. മോശം ഫീല്‍ഡിംഗിനെ വിമര്‍ശിച്ച് നിരവധി ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. വിമര്‍ശനം കടുക്കുന്നതിനിടെ ടീമിന്‍റെ മാനം രക്ഷിച്ച് നായകന്‍ രോഹിത് ശര്‍മ്മ ഫീല്‍ഡിംഗില്‍ മികവ് കാട്ടിയത് ടീമിന് ആശ്വാസമായി. 

സ്‌പിന്നര്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ നേപ്പാള്‍ നായകന്‍ രോഹിത് പൗഡലിനെയാണ് സ്ലിപ്പില്‍ രോഹിത് ശര്‍മ്മ പിടികൂടിയത്. നേപ്പാള്‍ ഇന്നിംഗ്‌സിലെ 20-ാം ഓവറിലെ അവസാന പന്തിലായിരുന്നു ഹിറ്റ്‌മാന്‍റെ ക്യാച്ച്. ജഡേയുടെ പന്തില്‍ കട്ട് ഷോട്ട് കളിക്കാന്‍ ശ്രമിച്ച പൗഡലിനെ സുന്ദരമായി രോഹിത് ഒന്നാം സ്ലിപ്പില്‍ പിടികൂടി. രോഹിത്തിന്‍റെ ഏകാഗ്രതയും എല്ലാ കണക്കൂകൂട്ടലുകളും വിജയിച്ച ക്യാച്ചായി ഇത്. മൂന്നാമനായി പുറത്തായ നേപ്പാള്‍ ബാറ്ററായ രോഹിത് പൗഡലിന് 8 പന്തില്‍ 5 റണ്‍സേ നേടാനായുള്ളൂ. 

Scroll to load tweet…

നേപ്പാളിനെതിരെ മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ ക്യാച്ച് കൈവിട്ടാണ് തുടങ്ങിയത്. ഷമിയുടെ പന്തില്‍ നേപ്പാള്‍ ഓപ്പണര്‍ കുശാല്‍ ഭുര്‍ടല്‍ നല്‍കിയ അനായാസ ക്യാച്ച് സ്ലിപ്പില്‍ കൈവിട്ടത് ശ്രേയസ് അയ്യരായിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിലും ടീം ഇന്ത്യ ക്യാച്ച് കൈവിട്ടു. ഇത്തവണ വിരാട് കോലിയായിരുന്നു വില്ലന്‍. സിറാജിന്‍റെ പന്തില്‍ കവറിലേക്ക് ഷോട്ട് കളിച്ച ആസിഫ് ഷെയ്ഖിന് പിഴച്ചു. ഉയര്‍ത്തിയടിച്ച പന്ത് അനായാസം കൈയിലൊതുക്കാമായിരുന്നു എങ്കിലും കോലി ക്യാച്ച് നിലത്തിടുന്നത് കണ്ട് ആരാധകര്‍ക്ക് വിശ്വസിക്കാനായില്ല. മുഹമ്മദ് ഷമിയെറിഞ്ഞ അഞ്ചാം ഓവറിലായിരുന്നു ഇന്ത്യ അടുത്ത ക്യാച്ച് കൈവിട്ടത്. ഇത്തവണ വില്ലനായതാകട്ടെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. ഷമിയുടെ ഷോട്ട് പിച്ച് പന്തില്‍ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച ഭുര്‍ട്ടെലിനെ വിക്കറ്റിന് പിന്നില്‍ കിഷന്‍ കൈവിട്ടു. 

Watch Video: ചരിത്രം; മറ്റാരും സ്വന്തമാക്കാത്ത റെക്കോര്‍ഡുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ ശ്രേയങ്ക പാട്ടീല്‍- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം