ബൗണ്ടറിലൈനിന് മീറ്ററുകള്‍ മാത്രം അകലെവച്ച് ഒരു മുഴുനീള ഡൈവില്‍ അവിശ്വസനീയമായി പന്ത് റിക്കെള്‍ട്ടണ്‍ ഗ്ലൗവിനുള്ളിലാക്കുകയായിരുന്നു, ആരാധകര്‍ക്ക് ഇത് വിശ്വസിക്കാന്‍ പോലുമായില്ല
മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ അതിശയ ക്യാച്ചുമായി മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കെള്‍ട്ടണ്‍. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റനും മത്സരത്തിലെ തീപ്പൊരി ബാറ്ററുമായിരുന്ന രജത് പാടിദാറിനെ പുറത്താക്കാനാണ് റിക്കെള്‍ട്ടണ്‍ വണ്ടര്‍ ക്യാച്ചെടുത്തത്. ഈ ഐപിഎല്‍ സീസണിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് എന്ന് ഈ വിക്കറ്റിനെ നിസംശയം പറയാം.
വാംഖഡെ സ്റ്റേഡിയം വേദിയായ മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തില്‍ തകര്‍പ്പനടികളുമായി മുന്നേറുകയായിരുന്നു ആര്‍സിബി നായകന്‍ കൂടിയായ രജത് പാടിദാര്‍. ബെംഗളൂരു ഇന്നിംഗ്സിലെ 19-ാം ഓവറില്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിനെതിരെ സ്കൂപ്പ് ശ്രമം പാടിദാറിന് ചെറുതായൊന്ന് പിഴച്ചു. ബോള്‍ട്ടിന്‍റെ ഡെലിവറി ടോപ് എഡ്‌ജായി വിക്കറ്റിന് പിന്നിലേക്ക് ഉയരെ മറന്നു. എന്നാല്‍ അതിയശകരമാം വിധം വിക്കറ്റിന് പിന്നിലേക്ക് പന്ത് പിടിക്കാനായി റയാന്‍ റിക്കെള്‍ട്ടണ്‍ പിന്നാലെ ഓടി. ബൗണ്ടറിലൈനിന് മീറ്ററുകള്‍ മാത്രം അകലെവച്ച് ഒരു മുഴുനീള ഡൈവില്‍ അവിശ്വസനീയമായി പന്ത് റിക്കെള്‍ട്ടണ്‍ ഗ്ലൗവിനുള്ളിലാക്കി. ഐപിഎല്‍ 2025ല്‍ പിന്നോട്ടോടി ഏതെങ്കിലുമൊരു താരമെടുത്ത ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് തന്നെ ഇത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ 221-5 എന്ന പടുകൂറ്റന്‍ സ്കോര്‍ എതിരാളികളുടെ മൈതാനത്ത് പടുത്തുയര്‍ത്തിയപ്പോള്‍ ക്യാപ്റ്റന്‍ രജത് പാടിദാര്‍ രണ്ടാമത്തെ ഉയര്‍ന്ന സ്കോറുകാരനായി. പാടിദാര്‍ 32 പന്തുകളില്‍ അഞ്ച് ഫോറും നാല് സിക്‌സറുകളും സഹിതം 64 റണ്‍സെടുത്തു. 42 ബോളുകളില്‍ 67 നേടിയ ആര്‍സിബി മുന്‍ നായകന്‍ വിരാട് കോലിയായിരുന്നു ടീമിന്‍റെ ടോപ് സ്കോറര്‍. 22 പന്തില്‍ 37 എടുത്ത ദേവ്‌ദത്ത് പടിക്കലും 19 ബോളുകളില്‍ പുറത്താവാതെ 40* നേടിയ ജിതേഷ് ശര്‍മ്മയും മികവ് കാട്ടി. മുംബൈ ഇന്ത്യന്‍സിനായി പേസര്‍മാരായ ട്രെന്‍ഡ് ബോള്‍ട്ടും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും രണ്ട് വീതവും, മലയാളി സ്‌പിന്നര്‍ വിഗ്നേഷ് പുത്തൂര്‍ ഒരു വിക്കറ്റും നേടി.
