Asianet News MalayalamAsianet News Malayalam

സഹതാരത്തിന്‍റെ തലയ്ക്ക് ഏറ് കൊള്ളാതിരിക്കാന്‍ പറന്നുചാടി; സ്വയം പരിക്കേറ്റുവാങ്ങി ലങ്കന്‍ താരം- വീഡിയോ

സദീരയുടെ നിസ്വാർത്ഥമായ നടപടി കമന്‍റേറ്റര്‍മാരുടെ പ്രശംസയ്ക്ക് വഴിവെച്ചു. ആ കാഴ്ചകള്‍ കാണാം. 

Watch Sadeera Samarawickrama selfless dive prevents Nishan Madushka from getting hit in SL vs AFG one off Test
Author
First Published Feb 5, 2024, 7:57 PM IST

കൊളംബോ: അഫ്ഗാനിസ്ഥാന്‍റെ ശ്രീലങ്കന്‍ പര്യടനത്തിലെ ഏക ടെസ്റ്റില്‍ ക്രിക്കറ്റ് ലോകത്തിന്‍റെ മനസുടക്കിയ ദൃശ്യങ്ങള്‍. ഫീല്‍ഡറുടെ ത്രോയില്‍ സഹതാരത്തിന്‍റെ തലയ്ക്ക് സാരമായി പരിക്കേല്‍ക്കുന്നത് തടയാന്‍ ലങ്കന്‍ വിക്കറ്റ് കീപ്പര്‍ സദീര സമരവിക്രമ അതിസാഹസികമായി പന്ത് തട്ടിയകറ്റാന്‍ ശ്രമിച്ചതായിരുന്നു രംഗം. സഹതാരത്തെ വലിയ അപകടത്തില്‍ നിന്ന് രക്ഷിച്ചുള്ള പരിശ്രമത്തിനിടെ സദീര സമരവിക്രമയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍റെ രണ്ടാം ഇന്നിംഗ്സിലെ 28-ാം ഓവറില്‍ ലങ്കന്‍ സ്പിന്നര്‍ പ്രഭത് ജയസൂര്യയുടെ അവസാന പന്ത് ഇബ്രാഹിം സദ്രാന്‍ മിഡ് വിക്കറ്റിലേക്ക് കളിച്ചു. പിന്നാലെ ഫീല്‍ഡര്‍ പന്ത് ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ സദീര സമരവിക്രമയ്ക്ക് എറിഞ്ഞുനല്‍കുകയായിരുന്നു. എന്നാല്‍ ഈ പന്ത് സമരവിക്രമയുടെ കൈകളിലേക്ക് എത്തിയില്ല എന്നുമാത്രമല്ല ഷോര്‍ട് ലെഗ് ഫീല്‍ഡര്‍ നിഷാന്‍ മധുഷ്കയുടെ തലയ്ക്ക് നേര്‍ക്കാണ് വന്നത്. പണി പാളിയെന്ന് മനസിലാക്കിയ സദീര ഉടനടി ഉയര്‍ന്നുചാടി പന്ത് ഗ്രൗസുകള്‍ കൊണ്ട് തട്ടിയകറ്റുകയായിരുന്നു. എന്നാല്‍ സഹതാരത്തെ രക്ഷിച്ചുള്ള ലാന്‍ഡിംഗിനിടെ സദീര സമരവിക്രമയുടെ വലത് കാലിന് പരിക്കേറ്റു. സഹതാരങ്ങളെത്തി സദീരയെ മൈതാനത്ത് നിന്ന് പിടിച്ച് എഴുന്നേല്‍പിക്കുകയായിരുന്നു.സദീര സമരവിക്രമ മുടന്തി നടക്കുന്നത് ടെലിവിഷന്‍ റിപ്ലേകളില്‍ കാണാമായിരുന്നു. സദീരയുടെ നിസ്വാർത്ഥമായ നടപടി കമന്‍റേറ്റര്‍മാരുടെ പ്രശംസയ്ക്ക് വഴിവെച്ചു. ആ കാഴ്ചകള്‍ കാണാം. 

ശ്രീലങ്കയോട് ആദ്യമായി ടെസ്റ്റ് കളിക്കാന്‍ അഫ്ഗാന്‍ എത്തിയ മത്സരം ആതിഥേയര്‍ 10 വിക്കറ്റിന് വിജയിച്ചു. ആദ്യ ഇന്നിംഗ്സില്‍ അഫ്ഗാനിസ്ഥാന്‍ 198 റണ്‍സില്‍ എല്ലാവരും പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗില്‍ ലങ്ക ഏഞ്ചലോ മാത്യൂസ് (141), ദിനേശ് ചാണ്ടിമല്‍ (107) എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ 439 റണ്‍സെടുത്തു. രണ്ടാം ഇന്നിംഗ്സില്‍ ഇബ്രാഹിം സദ്രാന്‍ (114) സെഞ്ചുറി കണ്ടെത്തിയെങ്കിലും അഫ്ഗാന് 296 റണ്‍സേ നേടാനായുള്ളൂ. ഇതോടെ മുന്നിലെത്തിയ 56 റണ്‍സ് വിജയലക്ഷ്യം ലങ്ക 7.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ നേടുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിലെ അഞ്ച് വിക്കറ്റ് പ്രകടനമടക്കം ആകെ 8 വിക്കറ്റ് നേടിയ പ്രഭത് ജയസൂര്യ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

Read more: 296 വിജയങ്ങള്‍; സച്ചിന്‍റെ റെക്കോര്‍ഡ് ഒട്ടും സേഫല്ല, കടുത്ത ഭീഷണിയുയര്‍ത്തി രോഹിത് ശര്‍മ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios