ബെംഗളൂരു: ഇന്ത്യന്‍ ടീമിലെ ഓപ്പണിംഗ് പങ്കാളി ശിഖര്‍ ധവാന്‍റെ ഒരു വീഡിയോ വിമാനയാത്രക്കിടെ രോഹിത് ശര്‍മ്മ പകര്‍ത്തിയതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. വിമാനത്തില്‍ വെച്ച് ധവാന്‍ ഒറ്റയ്‌ക്ക് സംസാരിക്കുന്നതാണ് വീഡിയോയില്‍. 'ധവാന്‍ എന്നോടല്ല സംസാരിക്കുന്നത്, അദേഹത്തിന് ദീര്‍ഘകാലമായി ഒരു സാങ്കല്‍പിക സുഹൃത്തുണ്ട്' എന്ന കുറിപ്പോടെയാണ് ഹിറ്റ്‌മാന്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ ഷെയര്‍ ചെയ്തത്.

വീഡിയോയുടെ രസംകൂട്ടി മുന്‍ താരം യുവ്‌രാജ് സിംഗിന്‍റെ ഇമോജി കമന്‍റുമെത്തിയതോടെ സംഭവം ആരാധകര്‍ ഏറ്റെടുത്തു. എന്നാല്‍ വിശദീകരണവുമായി ധവാന്‍ രംഗത്തെത്തി. താന്‍ കവിത ചൊല്ലുമ്പോള്‍ രോഹിത് വീഡിയോ പകര്‍ത്തിയതാണ് എന്നായിരുന്നു ധവാന്‍റെ കമന്‍റ്. 

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയുടെ തിരക്കിലാണ് ധവാനും രോഹിതും അടങ്ങുന്ന ടീം ഇന്ത്യ. ആദ്യ മത്സരം മഴ കൊണ്ടുപോയപ്പോള്‍ രണ്ടാം ടി20 ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചു. രോഹിത് ശര്‍മ്മ 12 റണ്‍സില്‍ പുറത്തായപ്പോള്‍ ധവാന്‍ 40 റണ്‍സെടുത്തു. 25 പന്തില്‍ 72 റണ്‍സെടുത്ത കോലിയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. അവസാന ടി20 ഞായറാഴ്‌ച ബെംഗളൂരുവില്‍ നടക്കും.