പരിക്ക് മാറി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ തിരിച്ചെത്തുന്നതോടെ യശസ്വി ജയ്സ്വാൾ വീണ്ടും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവും.

വഡോദര: ഇന്ത്യ-ന്യൂസീലൻഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഉച്ചയ്ക്ക് 1.30മുതൽ വഡോദര രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ് ആദ്യ മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. പുതിയ വർഷം വിജയത്തോടെ തുടങ്ങുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആഭ്യന്തര ക്രിക്കറ്റിൽ തകർത്തടിച്ച വിരാട് കോലിയും രോഹിത് ശര്‍മയും അടക്കമുള്ളവർ ഇന്ത്യൻ കുപ്പായത്തില്‍ ഇറങ്ങുമ്പോൾ ആരാധകരും ആവേശത്തിലാണ്. 

പരിക്ക് മാറി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ തിരിച്ചെത്തുന്നതോടെ യശസ്വി ജയ്സ്വാൾ വീണ്ടും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവും. ഗില്ലും രോഹിതും ഓപ്പൺ ചെയ്യുമ്പോൾ വിരാട് കോലി മൂന്നാം നമ്പറിലെത്തും. പിന്നാലെ ശ്രേയസ് അയ്യരും കെ.എൽ രാഹുലുമെത്തും. പരിക്കിൽ നിന്ന് മോചിതനായെത്തുന്ന ശ്രേയസിനും പരമ്പര നിർണായകമാണ്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്. ടി 20 ലോകകപ്പിൽ നിന്നുള്ള ഒഴിവാക്കലും പരിക്കും അലട്ടിയ താരം മികച്ച പ്രകടനമാണ് ലക്ഷ്യം വെക്കുന്നത്.

ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ ആർഷ്ദീപ് സിങ്ങിനും മുഹമ്മദ് സിറാജിനുമാകും പേസ് നിരയുടെ ചുമതല. മൂന്നാം പേസറായി പ്രസിദ്ധ് കൃഷ്ണയെ മറികടന്ന് ഹർഷിത് റാണയാകും പ്ലയിങ് ഇലവനിലെത്തുക. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും പ്ലേയിംഗ് ഇലവനില്‍ എത്തും.

പ്രധാന താരങ്ങൾക്ക് വിശ്രമം നല്‍കി എത്തുന്ന ന്യൂസീലൻഡിന് പരമ്പര കടുപ്പമാകാനാണ് സാധ്യത. പക്ഷേ, പാകിസ്ഥാനേയും ഇംഗ്ലണ്ടിനേയും വിൻഡീസിനേയും തോൽപിച്ച ആത്മവിശ്വാസമാണ് കിവീസ് കരുത്ത്. 2023 മുതൽ ന്യൂസീലൻഡിനെതിരെ ഏകദന മത്സരങ്ങൾ തോറ്റിട്ടില്ല എന്നതാണ് ഇന്ത്യയുടെ ആത്മവിശ്വാസം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക