ബോളുകൊണ്ട് അടിവയറിന് പരിക്കേറ്റ റിഷഭ് പന്തിന് പരമ്പര പൂര്‍ണമായും നഷ്ടമാകുമെന്നാണ് സൂചന.
വഡോദര: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ പരിക്ക്. ഇന്ന് തുടങ്ങുന്ന ഏകദിന പമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്നലെ വഡോദരയില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്നതിനിടെയാണ് റിഷഭ് പന്തിന് ബോളുകൊണ്ട് അടിവയറിന് പരിക്കേറ്റത്. ബോൾ ദേഹത്തുകൊണ്ട് വേദനകൊണ്ട് പുളഞ്ഞ പന്ത് പിന്നീട് ബാറ്റിംഗ് പരിശീലനം നടത്താതെ കയറിപ്പോയിരുന്നു.
ബോളുകൊണ്ട് അടിവയറിന് പരിക്കേറ്റ റിഷഭ് പന്തിന് പരമ്പര പൂര്‍ണമായും നഷ്ടമാകുമെന്നാണ് സൂചന. പന്തിന്‍റെ പരിക്ക് എത്രമാത്രം ഗൗരവതരമാണെന്നതിനെക്കുറിച്ച് ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റിഷഭ് പന്തിന്‍റെ പകരക്കാരനെയും ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കെ എല്‍ രാഹുല്‍ ആണ് ഏകദിനങ്ങളിലെ പ്രധാന വിക്കറ്റ് കീപ്പര്‍ എന്നതിനാല്‍ ആദ്യ ഏകദിനത്തിന് മുമ്പ് പന്തിന്‍റെ പകരക്കാരനെ പ്രഖ്യാപിക്കാനിടയില്ലെന്നാണ് കരുതുന്നത്. 2022ലെ കാര്‍ അപകടത്തിനുശേഷം ഇന്ത്യൻ ഏകദിന ടീമില്‍ തിരിച്ചെത്തിയ പന്തിന് ഒരേയൊരു ഏകദിനത്തില്‍ മാത്രമാണ് പ്ലേയിംഗ് ഇവനില്‍ ഇടം ലഭിച്ചത്.
പകരക്കാരന്‍ ആര്
ഇഷാന്‍ കിഷനെയോ മലയാളി താരം സഞ്ജു സാംസണെയോ ധ്രുവ് ജുറെലിനെയോ ആണ് റിഷഭ് പന്തിന്‍റെ പകരക്കാരനായി ഏകദിന ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയുള്ളത്. ഇതില്‍ ഇഷാൻ കിഷനും സഞ്ജു സാംസണും ടി20 ലോകകപ്പ് ടീമിന്‍റെ ഭാഗമായതിനാൽ ധ്രുവ് ജുറെലിനെ പകരക്കാരനായി ടീമിലെടുക്കാനാണ് സാധ്യത. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനായി ഏഴ് മത്സരങ്ങളില്‍ നിന്ന് നാലു അര്‍ധസെഞ്ചുറിയും രണ്ട് സെഞ്ചുറിയും ഉള്‍പ്പെടെ 590 റണ്‍സടിച്ച ധ്രുവ് ജുറെല്‍ മിന്നും ഫോമിലാണ്. സഞ്ജു സാംസണാകട്ടെ വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ച രണ്ട് കളികളിലൊന്നില്‍ സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ഇടം കൈയനായ പന്തിന് പകരം ഇടം കൈയന്‍ ബാറ്ററെ തന്നെ സെലക്ടര്‍മാർ പരിഗണിച്ചാല്‍ ഇഷാന്‍ കിഷന്‍ ആകും പകരക്കാരനായി ടീമിലെത്തുക.


