ലോകകപ്പിന് മുന്നോടിയായി യുവരാജ് നേരിട്ടാണ് സഞ്ജുവിനെ പരിശീലനത്തിനായി വിളിച്ചത്. രണ്ട് ദിവസമാണ് സഞ്ജു യുവിക്കൊപ്പം ചെലവഴിക്കുക.

ചണ്ഡീഗഡ്: അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിന് മുന്നോടിയായി മലയാളി താരം സഞ്ജു സാംസണ് ബാറ്റിഗ് പരിശീലനം നൽകി ഇന്ത്യൻ മുൻ താരം യുവരാജ് സിംഗ്. പവർ ഹിറ്ററായ യുവിയുടെ പരിശീലനം സഞ്ജുവിന് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഫുട്‍വർക്കിനെ പറ്റിയും ബാറ്റിംഗ് സ്റ്റാൻസിനെപ്പറ്റിയും സഞ്ജുവിന് യുവി ക്ലാസെടുക്കുക്കുന്ന പരിശീലന വീഡിയോ പുറത്തുവന്നതോടെ ആരാധകാരും ആവേശത്തിലാണ്. ഒരിടവേളക്കുശേഷം ലോകകപ്പിൽ ഓപ്പണർ റോളിലേക്ക് തിരിച്ചെത്തുന്ന സഞ്ജുവിന് യുവരാജിന്‍റെ കോച്ചിങ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

ലോകകപ്പിന് മുന്നോടിയായി യുവരാജ് നേരിട്ടാണ് സഞ്ജുവിനെ പരിശീലനത്തിനായി വിളിച്ചത്. രണ്ട് ദിവസമാണ് സഞ്ജു യുവിക്കൊപ്പം ചെലവഴിക്കുക. സഞ്ജുവിന്‍റെ സഹ ഓപ്പണറായ അഭിഷേക് ശർമയും ഇന്ത്യൻ ഏകദിന, ടെസ്റ്റ് ടീം നായകനായ ശുഭ്മാന്‍ ഗില്ലും യുവരാജിന്‍റെ ശിഷ്യനാണ്. ഔദ്യോഗികമായി പരിശീലകനല്ലെങ്കിലും ഇന്ത്യയുടെ സിക്സർ കിങ്ങായ യുവി നിരവധി യുവതാരങ്ങളുടെ മെന്‍റര്‍ എന്ന നിലയിലും സജീവമാണ്.

ഏഷ്യാ കപ്പ് മുതല്‍ ശുഭ്മാന്‍ ഗില്ലിന് വേണ്ടി ഓപ്പണര്‍ സ്ഥാനം ഒഴിഞ്ഞുകൊടുത്ത് ടി20 ടീമില്‍ മധ്യനിരയില്‍ കളിച്ച സഞ്ജു ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു വീണ്ടും ഓപ്പണറായി ഇറങ്ങിയത്. ലോകകപ്പ് ടീമില്‍ നിന്ന് ഗില്ലിനെ സെലക്ടര്‍മാര്‍ ഒഴിവാക്കിയതോടെ സഞ്ജുവിന് വീണ്ടും ഓപ്പണര്‍ സ്ഥാനം ലഭിച്ചു. ടി20 ലോകകപ്പ് ടീമിലെ ഓപ്പണറും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറുമാണ് സഞ്ജു.

Scroll to load tweet…

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്ക് മുന്നോടിയായി വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനു വേണ്ടി രണ്ടു മത്സരം കളിച്ച സഞ്ജു സെഞ്ചുറി നേടി ഫോം തെളിയിച്ചിരുന്നു. ഈ ഫോം കിവീസിനെതിരായ പരമ്പരയിലും പിന്നീട് ലോകകപ്പിലും തുടരാൻ സാധിക്കുമെന്നു തന്നെയാണ് സഞ്ജുവിന്‍റെ പ്രതീക്ഷ. കിവീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനായി ജനുവരി 31ന് സഞ്ജു കാര്യവട്ടത്ത് എത്തുന്നുണ്ട്. ഹോം ഗ്രൗണ്ടില്‍ സഞ്ജുവിന്‍റെ ആദ്യ രാജ്യാന്തര മത്സരമാകും ഇത്. ഇന്ത്യൻ കുപ്പായത്തിൽ സഞ്ജുവിന്‍റെ കേരളത്തിലേക്കുള്ള വരവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് ആരാധക‍രും. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പ് ഫെബ്രുവരി 7നാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇന്ത്യ, യുഎസിനെ നേരിടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക