Asianet News MalayalamAsianet News Malayalam

ചുമ്മാ തീ, പിള്ളേരൊക്കെ കണ്ടുപഠിക്കണം; വിരമിച്ചിട്ടും മിസൈല്‍ ത്രോയുമായി സുരേഷ് റെയ്‌ന

ഭീല്‍വാര കിംഗ്‌സും അര്‍ബനൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിലായിരുന്നു സുരേഷ് റെയ്‌നയുടെ തകര്‍പ്പന്‍ ത്രോ

Watch Suresh Raina wonderful throw to dismiss Iqbal Abdulla in Legends League Cricket 2023
Author
First Published Dec 3, 2023, 9:19 AM IST

ജമ്മു: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരുടെ പട്ടികയില്‍ സ്ഥാനമുള്ള താരമാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്‌ന. പറക്കും ക്യാച്ചുകളും മിന്നല്‍ വേഗവും കൃത്യതയുമുള്ള ത്രോകളും കൊണ്ട് സമ്പന്നമായിരുന്നു റെയ്‌നയുടെ കരിയര്‍. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് ഇപ്പോള്‍ കളിക്കുമ്പോഴും റെയ്‌നയുടെ ഫീല്‍ഡിംഗ് മികവിന് കോട്ടമൊന്നും തട്ടിയിട്ടില്ല. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ സിംപിള്‍ ആന്‍ഡ് പവര്‍ഫുള്‍ റണ്ണൗട്ടുമായി സുരേഷ് റെയ്‌ന ആരാധകരുടെ മനംകവര്‍ന്നു. 

ഭീല്‍വാര കിംഗ്‌സും അര്‍ബനൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിലായിരുന്നു സുരേഷ് റെയ്‌നയുടെ തകര്‍പ്പന്‍ ത്രോ. ഭീല്‍വാര കിംഗ്‌സിന്‍റെ മധ്യനിര ബാറ്റര്‍ ഇഖ്‌ബാല്‍ അബ്‌ദുള്ളയാണ് റെയ്‌നയുടെ ത്രോയില്‍ പുറത്തായി ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. യൂസഫ് പത്താനൊപ്പം സിംഗിളിന് ശ്രമിച്ച അബ്‌ദുള്ളയെ റെയ്‌ന നേരിട്ടുള്ള ത്രോയില്‍ പറഞ്ഞയക്കുകയായിരുന്നു. തന്‍റെ ഫീല്‍ഡിംഗ് മികവിനെ കുറിച്ചുള്ള എല്ലാ ആത്മവിശ്വാസവും റെയ്‌നയുടെ ഈ ത്രോയിലുണ്ടായിരുന്നു. ബെയ്‌ല്‍സ് തെറിപ്പിച്ച ശേഷമുള്ള റെയ്‌നയുടെ ആഘോഷവും ആത്മവിശ്വാസം വ്യക്തമാക്കി. 15 പന്ത് നേരിട്ട ഇഖ്‌ബാല്‍ അബ്ദുള്ളയ്‌ക്ക് 8 റണ്‍സേ നേടാനായുള്ളൂ. 

മത്സരത്തില്‍ ഭീല്‍വാര കിംഗ്‌സിനെ അര്‍ബനൈസേഴ്‌സ് ഹൈദരാബാദ് ഏഴ് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്‌ത ഭീല്‍വാര നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 144 റണ്‍സെടുത്തു. 37 പന്തില്‍ 53 റണ്‍സെടുത്ത തിലകരത്നെ ദില്‍ഷനും 25 പന്തില്‍ 34 എടുത്ത യൂസഫ് പത്താനുമാണ് മികച്ച സ്കോറര്‍മാര്‍. മറുപടി ബാറ്റിംഗില്‍ 44 പന്തില്‍ രണ്ട് ഫോറും ഏഴ് സിക്‌സും സഹിതം പുറത്താവാതെ 73* റണ്‍സുമായി റിക്കി ക്ലാര്‍ക്ക് തകര്‍ത്തടിച്ചതോടെ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടപ്പെടുത്തി ഹൈദരാബാദ് അനായാസം ജയിച്ചു. റിക്കി ക്ലാര്‍ക്കാണ് കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 

Read more: പാകിസ്ഥാന്‍ നിന്നനില്‍പില്‍ വിയര്‍ക്കും; ടെസ്റ്റ് സ്‌ക്വാഡ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ, വന്‍ സര്‍പ്രൈസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios