പലരും രോഹിത് ശര്‍മയെയും ജസ്പ്രീത് ബുമ്രയെയും ഇഷ്ടതാരങ്ങളായി പറഞ്ഞു. ഇന്ത്യയുടെ ബൗളിംഗ് ലൈനപ്പും ബാറ്റിംഗ് ലൈനപ്പും സന്തുലിതമാണെന്നും ചിലര്‍ പറഞ്ഞു. ഇതിനിടെ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ചും സൂര്യ ഏകദിനത്തില്‍ ഇനിയും മെച്ചപ്പെടണമെന്നും ഒരു ആരാധകന്‍ സൂര്യയുടെ മുഖത്തുനോക്കി പറഞ്ഞ് ഞെട്ടിക്കുകയും ചെയ്തു.
മുംബൈ: ശ്രീലങ്കക്കെതിരായ ലോകകപ്പ് പോരാട്ടത്തിനായി മുംബൈയിലെത്തിയ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് വേഷം മാറി ക്യാമറാമാനായി മുംബൈ മറൈന്‍ ഡ്രൈവിലിറങ്ങി. ടീം താമസിക്കുന്ന ഹോട്ടലില്‍ നിന്ന് തന്‍റെ കൈയിലെ ടാറ്റുകള്‍ മറക്കാനായി ഫുള്‍ സ്ലീവ് ഷര്‍ട്ടും തലയിലൊരു തൊപ്പിയും മുഖത്ത് കറുത്ത കൂളിംഗ് ഗ്ലാസും കൈയിലൊരു ക്യാമറയും പിടിച്ചിറങ്ങിയ സൂര്യകുമാറിനെ സഹതാരം രവീന്ദ്ര ജഡേജക്ക് പോലും തിരിച്ചറിയാനായില്ല.
ഈ വേഷം കണ്ടാല്‍ നിന്നെ മനസിലാവില്ലെന്നും ധൈര്യമായി ഇറങ്ങിക്കോ എന്നും ജഡേജ ആത്മവിശ്വാസം നല്‍കിയപ്പോല്‍ തൊപ്പി തിരിച്ചിടണോ എന്ന് സൂര്യകുമാര്‍ ചോദിച്ചു. വേണ്ട ഇതുതന്നെ മതിയെന്നായിരുന്നു ജഡേജയുടെ അഭിപ്രായം. കാറില്‍ മുംബൈ മറൈന്‍ ഡ്രൈവിലെത്തിയ സൂര്യകുമാര്‍ യാദവ് അവിടെയുളള ആളുകളോട് ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ചും ഇഷ്ടതാരത്തെക്കുറിച്ചും അഭിപ്രായങ്ങള്‍ തേടി. ഒപ്പം അവര്‍ പറയുന്ന കാര്യങ്ങള്‍ ക്യാമറയില്‍ ഷൂട്ട് ചെയ്തു.
പലരും രോഹിത് ശര്‍മയെയും ജസ്പ്രീത് ബുമ്രയെയും ഇഷ്ടതാരങ്ങളായി പറഞ്ഞു. ഇന്ത്യയുടെ ബൗളിംഗ് ലൈനപ്പും ബാറ്റിംഗ് ലൈനപ്പും സന്തുലിതമാണെന്നും ചിലര്‍ പറഞ്ഞു. ഇതിനിടെ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ചും സൂര്യ ഏകദിനത്തില്‍ ഇനിയും മെച്ചപ്പെടണമെന്നും ഒരു ആരാധകന്‍ സൂര്യയുടെ മുഖത്തുനോക്കി പറഞ്ഞ് ഞെട്ടിക്കുകയും ചെയ്തു. നിലവില്‍ സൂര്യ അഞ്ചാമതോ ആറാമതോ ആണ് ബാറ്റിംഗിനിറങ്ങുന്നതെന്നും ബാറ്റിംഗ് ഓര്‍ഡറില്‍ കുറച്ചു കൂടി നേരത്തെ സൂര്യ ഇറങ്ങണമെന്നും സ്വയം മെച്ചപ്പെടുണമെന്നും അതിന് കോച്ചിന്‍റെ സഹായം തേടാവുന്നതാണെന്നും ആരാധകന്‍ സൂര്യയോട് പറഞ്ഞു.
വീഡിയോയുടെ അവസാനം മാസ്കും സൂര്യകുമാര്‍ യാദവിന് മുംബൈയില്‍ കളിക്കാന്‍ അവസരം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മിസ്റ്റ്ര്‍ 360 ഡിഗ്രിയെന്ന് അദ്ദേഹത്തെ പറയുന്നത് വെറുതെയല്ലെന്നും പറഞ്ഞ ആരാധികക്ക് മുമ്പില്‍ തൊപ്പിയും മാസ്കും മാറ്റി സൂര്യ ആരാധികയെ ഞെട്ടിച്ചു. അവര്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ നിന്ന സൂര്യ ആരാധകര്‍ കൂടുന്നതിന് മുമ്പ് പെട്ടെന്ന് മടങ്ങുകയും ചെയ്തു. താന്‍ അത്ര മോശം നടനല്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ എന്ന് ചോദിച്ചാണ് സൂര്യ മടങ്ങിയത്. മടങ്ങും വഴി നിരവധി ആരാധകര്‍ സൂര്യയെ കണ്ടെങ്കിലും പെട്ടെന്ന് മനസിലായില്ല.
