പുറത്തേക്കിറങ്ങുമ്പോള്‍ സഞ്ജുവിനോട് അപ്രതീക്ഷിതമായി സൂര്യയുടെ ചോദ്യം, ദൈവത്തിന്‍റെ സ്വന്തം നാട്ടിലെത്തിയപ്പോള്‍ എന്തു തോന്നുന്നുവെന്ന്.
തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യക്കായി ഇന്നലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ഇന്ത്യൻ താരങ്ങളില്‍ മലയാളി താരം സഞ്ജു സാംസണായിരുന്നു ശ്രദ്ധാകേന്ദ്രം. സഞ്ജുവിന് ലഭിക്കാനിടയുള്ള ആരാധകപിന്തുണ മുന്‍കൂട്ടി കണ്ട സൂര്യ സഞ്ജുവിന്‍റെ ബോഡി ഗാര്‍ഡിന്‍റെ ചുമതല സ്വയം ഏറ്റെടുത്തു. വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ വഴിയിലുള്ളവരോടെ മാറി നില്‍ക്കാനും ആരും ഫോട്ടോ എടുക്കരുതെന്നും ചേട്ടന് വഴിയൊരുക്കണമെന്നും പറഞ്ഞ് സൂര്യ മുന്നില്‍ നടന്നപ്പോള്‍ സഞ്ജുവിനും ഇന്ത്യൻ ടീം അംഗങ്ങള്‍ക്കും അതുകണ്ട് ചിരിയടക്കാനായില്ല.
പുറത്തേക്കിറങ്ങുമ്പോള്‍ സഞ്ജുവിനോട് അപ്രതീക്ഷിതമായി സൂര്യയുടെ ചോദ്യം, ദൈവത്തിന്‍റെ സ്വന്തം നാട്ടിലെത്തിയപ്പോള്‍ എന്തു തോന്നുന്നുവെന്ന്. വളരെ സന്തോഷം, പക്ഷെ ഇത്തവണ വളരെ സ്പെഷ്യല്‍, എക്സ്ട്രാ സ്പെഷ്യല്‍ ആണെന്നായിരുന്നു സഞ്ജുവിന്‍റെ മറുപടി. വിമാനത്താവളത്തില്‍ നിന്ന് പുറത്ത് ടീം ബസ് വരെ സഞ്ജുവിന്‍റെ ബോഡി ഗാര്‍ഡായാണ് സൂര്യകുമാര്‍ നടന്നത്. വിമാനത്താവളത്തിന് പുറത്തെത്തിയതും സഞ്ജു...സഞ്ജു വിളികളോടെ ആരാധകര്‍ ആര്‍പ്പുവിളിച്ചു. ബിസിസിഐ ഔദ്യോഗിക ഹാന്‍ഡിലില്‍ ഇതിന്‍റെ വീഡിയോ പങ്കുവെച്ചു.
പരമ്പരയിലെ ആദ്യ മൂന്ന് കളികളില്‍ ഒരു ഗോള്‍ഡന്‍ ഡക്കുള്‍പ്പെടെ 16 റണ്‍സ് മാത്രമടിച്ച സഞ്ജു വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ 15 പന്തില്‍ 24 റണ്‍സടിച്ച് നല്ല തുടക്കമിട്ടിരുന്നു. എന്നാല്‍ വലിയ സ്കോര്‍ നേടാനാവാതെ പുറത്തായ സഞ്ജു കാര്യവട്ടത്ത് വലിയ സ്കോര്‍ നേടി ലോകകപ്പ് ടീമിലെ ഓപ്പണര്‍ സ്ഥാനം ഉറപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
