ബുച്ചി ബാബു ഇൻവിറ്റേഷനൽ ടൂർണമെന്റിൽ ഒഡിഷയ്‌ക്കെതിരെ തുടർച്ചയായ പന്തുകളിൽ വിക്കറ്റുകൾ വീഴ്ത്തി 17 മാസത്തെ ഇടവേളയ്ക്ക് ശേഷം ഉമ്രാൻ മാലിക് മത്സര ക്രിക്കറ്റിൽ തിരിച്ചെത്തി.

ശ്രീനഗര്‍: പതിനേഴ് മാസത്തെ ഇടവേളക്കുശേഷം മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തി ഇന്ത്യയുടെ അതിവേഗ പേസര്‍ ഉമ്രാന്‍ മാലിക്. ബുച്ചി ബാബു ഇന്‍വിറ്റേഷനല്‍ ടൂര്‍ണമെന്‍റില്‍ ഒഡിഷക്കെതിരെ തുടര്‍ച്ചയായ പന്തുകളില്‍ രണ്ട് വിക്കറ്റെടുത്താണ് ഉമ്രാന്‍ മാലിക് തിരിച്ചുവരവ് ആഘോഷമാക്കിയത്. 2022ല്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ ബൗളറെന്ന ഖ്യാതിയുമായി ഐപിഎല്ലില്‍ അരങ്ങേറിയ ഉമ്രാന്‍ മാലിക് 157 കിലോ മീറ്റര്‍ വരെ വേഗത്തില്‍ പന്തെറിഞ്ഞ് ഞെട്ടിച്ചിരുന്നു. ഐപിഎല്ലിലെ പ്രകടനത്തിന് പിന്നാലെ ഇന്ത്യക്കായി ടി20യിലും ഏകദിനത്തിലും ഉമ്രാന്‍ മാലിക് അരങ്ങേറി.

എന്നാല്‍ പിന്നീട് ഫോമില്ലായ്മയും പരിക്കും മൂലം ഇന്ത്യൻ ടീമില്‍ നിന്നും ഐപിഎല്‍ ടീമില്‍ നിന്നും പുറത്തായ ഉമ്രാന്‍ മാലിക് 2024 ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിച്ചശേഷം ആദ്യമായാണ് മത്സര ക്രിക്കറ്റ് കളിക്കാനിറങ്ങിയത്. ഒഡിഷക്കെതിരായ മത്സരത്തിലെ തന്‍റെ ആദ്യ ഓവറിലെ അവസാന പന്തില്‍ ഒഡിഷ ഓപ്പണര്‍ ഓം മുണ്ഡെയുടെ വിക്കറ്റ് കാറ്റില്‍ പറത്തിയ ഉമ്രാന്‍ മാലിക് തന്‍റെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ ഒഡിഷ ക്യാപ്റ്റൻ സുബ്രാന്‍ഷു സേനാപതിയുടെ പ്രതിരോധം പൊളിച്ച് മിഡില്‍ സ്റ്റംപ് വീഴ്ത്തി രണ്ടാം വിക്കറ്റും നേടി ഹാട്രിക്കിന് തൊട്ടടുത്തെത്തി.

Scroll to load tweet…

എന്നാല്‍ ഹാട്രിക്ക് തികയ്ക്കാന്‍ ഉമ്രാന് കഴിഞ്ഞില്ല. ജമ്മു കശ്മീരിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഒഡിഷ ഒന്നാം ഇന്നിംഗ്സില്‍ 314 റണ്‍സെടുത്തു. മത്സരത്തില്‍ 10 ഓവര്‍ എറിഞ്ഞ ഉമ്രാന്‍ 35 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. ജമ്മു കശ്മീരിനായി ആബിദ് മുഷ്താഖും വന്‍ഷജ് ശര്‍മയും നാലു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യക്കായി 10 ഏകദിനത്തില്‍ കളിച്ച ഉമ്രാന്‍ 13 വിക്കറ്റും എട്ട് ടി20യില്‍ നിന്ന് 11 വിക്കറ്റും നേടിയ ഉമ്രാന്‍ ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ അടിസ്ഥാന വിലയായ 75 ലക്ഷം രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയെങ്കിലും പരിക്കിനെതുടര്‍ന്ന് ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ ഉമ്രാന് കഴിഞ്ഞിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക