ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ മൂന്നാം നമ്പറിലിറങ്ങിയ കരുണ്‍ ഡബിള്‍ സെഞ്ചുറി നേടി മിന്നുന്ന ഫോമിലുമായിരുന്നു.
ലീഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം പൂജ്യത്തിന് പുറത്തായി സായ് സുദര്‍ശന്‍ നിരാശപ്പെടുത്തിയതിന് പിന്നാലെ രണ്ടാം ദിനം പൂജ്യത്തിന് മടങ്ങി മലയാളി താരം കരുണ്‍ നായര്‍. രണ്ടാം ദിനം ആദ്യ സെഷനില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ ആറാം നമ്പറിലാണ് കരുണ്‍ ക്രീസിലെത്തിയത്. പിന്നാലെ റിഷഭ് പന്ത് ഷൊയ്ബ് ബഷീറിന്‍റെ പന്തില്‍ സ്റ്റംപിംഗില്‍ നിന്ന് രക്ഷപ്പെട്ടു.
ഇതിന് പിന്നാലെയായിരുന്നു ഫുൾ ലെങ്ത്തിലെത്തിയ ബെന്‍ സ്റ്റോക്സിന്‍റെ പന്ത് കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ ഒല്ലി പോപ്പിന്‍റെ പറക്കും ക്യാച്ചില്‍ കരുണ്‍ വീണത്. കരുണ്‍ ഉയര്‍ത്തി അടിച്ച പന്ത് ഒല്ലി പോപ്പ് ഷോര്‍ട്ട് കവറില്‍ പറന്നുപിടിക്കുകയായിരുന്നു. എട്ട് വര്‍ഷത്തെ ഇടവേളക്കുശേഷം ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനങ്ങളുടെ ബലത്തിലാണ് കരുണ്‍ നായര്‍ ഇന്ത്യൻ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്. വീരേന്ദര്‍ സെവാഗിനുശേഷം ഇന്ത്യക്കായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുള്ള ഒരേയൊരു ബാറ്റര്‍ കൂടിയാണ് കരുണ്‍.
ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ മൂന്നാം നമ്പറിലിറങ്ങിയ കരുണ്‍ ഡബിള്‍ സെഞ്ചുറി നേടി മിന്നുന്ന ഫോമിലുമായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ആറാം നമ്പറിലാണ് കരുണ്‍ ബാറ്റിംഗിനറങ്ങിയത്. മൂന്നാം നമ്പറില്‍ സായ് സുദര്‍ശനാണ് കളിച്ചത്. ഇന്നലെ മൂന്നാം നമ്പറിലിറങ്ങിയ സായ് സുദര്‍ശന്‍ പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തിയതിന് പിന്നാലെ കരുണിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാതിരുന്നതിന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ കരുണും പൂജ്യത്തിന് മടങ്ങിയത് തിരിച്ചടിയാവുകയും ചെയ്തു. 2022ല്‍ ആഭ്യന്തര ക്രിക്കറ്റിൽ കര്‍ണാടക ടീമില്‍ നിന്ന് പുറത്തായപ്പോള്‍ പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരവസരം കൂടി തരൂവെന്ന കരുണിന്‍റെ എക്സ് പോസ്റ്റ് വൈറലായിരുന്നു.


