ഇടംകൈയ്യന്‍ സ്പിന്നര്‍ ലിമര്‍ ഡാബിയുടെ ഓവറിലെ ആറ് പന്തുകളും സിക്സറുകള്‍ പായിക്കുകയായിരുന്നു.

സൂറത്ത്: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി എട്ട് സിക്‌സുകള്‍ നേടുന്ന താരമായി മേഘാലയയുടെ ആകാശ് കുമാര്‍ ചൗധരി. അരുണാചല്‍ പ്രദേശിനെതിരെ പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിലാണ് ആകാശ് റെക്കോര്‍ഡിട്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഫാസ്റ്റസ്റ്റ് സെഞ്ചുറിയും ആകാശ് സ്വന്തം പേരിലാക്കി. 11 പന്തുകളില്‍ ആകാശ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. സൂറത്തില്‍ നടന്ന മത്സരത്തില്‍ 14 പന്തില്‍ 50 റണ്‍സുമായി താരം പുറത്താവാതെ നിന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരോവറില്‍ ആറ് സിക്‌സുകള്‍ നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് ആകാശ്.

മത്സരത്തിന്റെ രണ്ടാം ദിവസമാണ് ആകാശ് ഈ നേട്ടം കൈവരിച്ചത്. ഇടംകൈയ്യന്‍ സ്പിന്നര്‍ ലിമര്‍ ഡാബിയുടെ ഓവറിലെ ആറ് പന്തുകളും സിക്സറുകള്‍ പായിക്കുകയായിരുന്നു. രവി ശാസ്ത്രി, ഗാരി സോബേഴ്സ് എന്നിവരാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരോവറിലെ ആറ് പന്തുകളും സ്‌കിസ് നേടിയ താരങ്ങള്‍. ദക്ഷിണാഫ്രിക്കയുടെ മൈക്ക് പ്രോക്ടര്‍ തുടര്‍ച്ചയായി ആറ് സിക്‌സുകള്‍ നേടിയിട്ടുണ്ടെങ്കിലും അത് രണ്ട് ഓവറുകളിലായിരുന്നു. ആകാശ് നേടിയ എട്ട് സിക്‌സുകളുടെ വീഡിയോ കാണാം...

എട്ടാം നമ്പറില്‍ ഇറങ്ങിയ ആകാശ് ഒരു ഡോട്ടും രണ്ട് സിംഗിളുകളുമായി തുടങ്ങിയതിനുശേഷം അടുത്ത എട്ട് പന്തുകളില്‍ സിക്‌സറുകള്‍ പറത്തി. ചരിത്രത്തില്‍ ഒരു ബാറ്റ്‌സ്മാനും തുടര്‍ച്ചയായി ആറ് സിക്‌സുകള്‍ക്കപ്പുറം നേടിയിട്ടില്ല. 11 പന്തുകളില്‍ നിന്ന് അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 13 വര്‍ഷം മുമ്പ് ലെസ്റ്റര്‍ഷെയറിന്റെ വെയ്ന്‍ നൈറ്റ് സ്ഥാപിച്ച റെക്കോഡാണ് തകര്‍ത്തത്. 12 പന്തുകളിലാണ് അന്ന് അദ്ദേഹം അര്‍ധ സെഞ്ചുറി നേടിയത്. 1965ല്‍ ശ്രീലങ്കയുടെ ക്ലൈവ് ഇന്‍മാന്‍ 13 പന്തില്‍ നേടിയ അര്‍ധ സെഞ്ചുറി മൂന്നാമതായി.

ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ച്വറി എന്ന റെക്കോര്‍ഡ് ആകാശ് സ്ഥാപിച്ചെങ്കിലും, സമയം കൊണ്ട് ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ച്വറി നേടിയവരില്‍ രണ്ടാം സ്ഥാനത്താണ് താരം. എട്ട് മിനിറ്റുകള്‍ക്കിടെ നേട്ടം സ്വന്തമാക്കിയ ഇന്‍മാനാണ് ഒന്നാമത്. ആകാശ് ഒമ്പത് മിനിറ്റുകളെടുത്തു. 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 14.37 എന്ന മോശം ശരാശരിയില്‍ 503 റണ്‍സ് ചൗധരി നേടിയിട്ടുണ്ട്, രണ്ട് അര്‍ദ്ധസെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2019 ഡിസംബറില്‍ നാഗാലാന്‍ഡിനെതിരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും രണ്ട് ഇന്നിംഗ്സുകളിലായി ആറ് റണ്‍സ് മാത്രമേ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.

YouTube video player