എല്ലാ പന്തുകളും ക്രീസ് വിട്ടിറങ്ങി കളിക്കാനുള്ള ശ്രമം അപകടമാണെന്നും ഇക്കാര്യം മെന്ററായ യുവരാജ് സിംഗുമായി സംസാരിക്കുമെന്നും പത്താന്‍ വെളിപ്പെടുത്തി. 

മുംബൈ: ചില ഷോട്ടുകള്‍ കളിക്കുമ്പോഴുള്ള അഭിഷേക് ശര്‍മയുടെ ബലഹീനതയെ കുറിച്ച് അദ്ദേഹത്തിന്റെ മെന്റര്‍ യുവരാജ് സിംഗുമായി സംസാരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഭയമില്ലാതെ കളിക്കുന്ന അഭിഷേക് 40.75 ശരാശരിയിലും 161.38 സ്‌ട്രൈക്ക് റേറ്റിലും 163 റണ്‍സ് നേടി. എന്നാല്‍ മഴ മുടക്കിയ അവസാന മത്സരത്തില്‍ രണ്ട് തവണ താരത്തിന്റെ ക്യാച്ച് ഓസീസ് ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞിരുന്നു. ഇത്തരം കാര്യങ്ങളെല്ലാം നിരീക്ഷിച്ചുകൊണ്ടാണ് പത്താന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പത്താന്‍ വിശദീകരിക്കുന്നതിങ്ങനെ... ''അഭിഷേക് ശര്‍മ്മയ്ക്ക് പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡ് ലഭിച്ചു, അദ്ദേഹം ഭയമില്ലാതെ കളിക്കുന്നുണ്ട്. പക്ഷേ നമ്മള്‍ ഇവിടെ സംസാരിക്കുന്നത് ദ്വിരാഷ്ട്ര പരമ്പരകളെക്കുറിച്ചാണ്. ലോകകപ്പ് അടുത്തിരിക്കെ ടീമുകള്‍ നന്നായി തയ്യറെടുത്തിരിക്കും. എല്ലാ പന്തുകളും അഭിഷേക് ക്രീസ് വിട്ടറങ്ങി കളിക്കാന്‍ ശ്രമിക്കുന്നത് മറ്റു ടീമുകളെ ചിന്തിപ്പിക്കും. അവര്‍ അതിനനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കും. അക്കാര്യത്തില്‍ അഭിഷേക് മാറ്റം വരുത്തേണ്ടതുണ്ട്. ഇക്കാര്യം യുവരാജ് സിംഗുമായി സംസാരിക്കും.'' ഇര്‍ഫാന്‍ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''എല്ലാ ഇന്നിംഗ്‌സിലും എല്ലാ ബൗളര്‍മാരെയും നേരിടാന്‍ തനിക്ക് കഴിയില്ലെന്ന് അഭിഷേക് ചിന്തിക്കുന്നുണ്ടാകും. അതിനാല്‍, ആസൂത്രണം മികച്ചതായിരിക്കും. അവസാന മത്സരത്തില്‍ അദ്ദേഹം നല്‍കിയ ക്യാച്ചുകള്‍ ഫീല്‍ഡര്‍മാന്‍ നഷ്ടപ്പെടുത്തി. ഒന്ന് എടുത്തിരുന്നെങ്കില്‍ പോലും അഭിഷേകിന്റെ ഇന്നിംഗ്‌സ് അവസാനിക്കുമായിരുന്നു.''പത്താന്‍ പറഞ്ഞു.

ടി20 ക്രിക്കറ്റില്‍ 1000 റണ്‍സെന്ന നേട്ടം സ്വന്തമാക്കിയ അഭിഷേക് ഏറ്റവും കുറഞ്ഞ പന്തുകളില്‍ ഈ നേട്ടം കൈവരിക്കുന്ന ബാറ്ററെന്ന ലോക റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. 528 പന്തുകളിലാണ് അഭിഷേക് ടി20 ക്രിക്കറ്റില്‍ 1000 റണ്‍സിലെത്തിയത്. 573 പന്തില്‍ 1000 റണ്‍സ് തികച്ചിട്ടുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ പേരിലുള്ള റെക്കോര്‍ഡാണ് അഭിഷേക് ഇന്ന് തിരുത്തിയെഴുതിയത്. ഫില്‍ സാള്‍ട്ട് (599 പന്തില്‍), ഗ്ലെന്‍ മാക്‌സ്വെല്‍ (604 പന്തില്‍), ആന്ദ്രെ റസല്‍/ ഫിന്‍ അലന്‍ (609 പന്തില്‍) എന്നിവരാണ് അഭിഷേകിന് പിന്നിലുള്ളത്.

YouTube video player