ചെന്നൈ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയാണ് മത്സരശേഷം ഇക്കാര്യം വ്യക്തമാക്കിയത്. ധോണിയാണ്, ജഡേജയോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടത്.

ചെന്നൈ: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ രവീന്ദ്ര ജഡേജ ആരാധകരെ കബളിപ്പിച്ചിരുന്നു. ചിദംബരം സ്റ്റേഡിയം ഒന്നാകെ എം എസ് ധോണിക്ക് വേണ്ടി ആര്‍പ്പുവിളിച്ചുകൊണ്ടിരിക്കെ ജഡേജ ബാറ്റ് ചെയ്യാന്‍ വരുന്ന രീതിയില്‍ ഭാവിക്കുകയായിരുന്നു. 17-ാം ഓവറിന്‍ ശിവം ദുബെ പുറത്തായ ശേഷമാണ് ധോണി ക്രീസിലേക്ക് വരുന്നത്. ദുബെ പുറത്തായ ഉടനെ ആരാധകരെ കബളിപ്പിക്കാന്‍ വേണ്ടി ജഡേജ ചെറിയൊരു പണിയൊപ്പിച്ചു. 

സ്റ്റേഡിയം ധോണിക്ക് വേണ്ടി ആര്‍ത്തു വിളിക്കുന്നതിനിടെ ജഡേജ ബാറ്റുമായി ക്രീസിലേക്ക് ഇറങ്ങുന്നത് പോലെ ഭാവിച്ചു. അതോടെ സ്റ്റേഡിയം നിശബ്ദമായി. ഇതോടെ ചിരിച്ചു കൊണ്ട് ജഡേജ പവലിയനിലേക്ക് തിരിച്ച് നടന്നു. പിന്നാലെ ധോണി ക്രീസിലേക്ക്. രംഗം കണ്ട് ഡഗ് ഔട്ടില്‍ ഉണ്ടായിരുന്നവര്‍ക്കും ചിരിയടക്കാനായില്ല. ഇതെല്ലാം ഒപ്പിച്ചത് ജഡേജയാണെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ധോണി തന്നെയായിരുന്നു. 

ചെന്നൈ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയാണ് മത്സരശേഷം ഇക്കാര്യം വ്യക്തമാക്കിയത്. ധോണിയാണ്, ജഡേജയോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടത്. സംഭവിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാണിപ്പോള്‍. വീഡിയോ കാണാം... 

Scroll to load tweet…

മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത 137 റണ്‍സ് വിജയലക്ഷ്യമാണ് മൂന്നോട്ടുവച്ചത്. മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ചെന്നൈ 14 പന്ത് ശേഷിക്കെ ലക്ഷ്യം മറികടന്നു.

തലയ്ക്കും ചിന്നതലയ്‌ക്കൊപ്പുമൊപ്പം ഇനി ദളപതിയും! രവീന്ദ്ര ജഡേജയുടെ പുതിയ പേര് സ്ഥിരീകരിച്ച് സിഎസ്‌കെ

അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈക്ക് മൂന്ന് ജയമാണുള്ളത്. രണ്ട് തോല്‍വിയും. നിലവില്‍ ആറ് പോയിന്റുമായി നാലാമതാണ് ചെന്നൈ. സീസണില്‍ ആദ്യ തോല്‍വിയേറ്റുവാങ്ങിയ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്താണ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത ആദ്യ മൂന്നിലും ജയിച്ചിരുന്നു. നിലവില്‍ തോല്‍വി അറിയാത്ത ഒരേയൊരു ടീം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് മാത്രമാണ്. ഒന്നാമതുള്ള രാജസ്ഥാന് നാല് മത്സരങ്ങളില്‍ എട്ട് പോയിന്റാണുള്ളത്.